
നന്ദിഗ്രാമിലെ ഒരു ചായക്കടയിൽ ചായ കുടിക്കാനെത്തിയവർ ഇപ്പോഴും അത്ഭുതപ്പെട്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തങ്ങൾക്ക് മുന്നിലേക്ക് ചായ ഗ്ലാസുമായെത്തിയത് ബംഗാൾ മുഖ്യമന്ത്രി സാക്ഷാൽ മമത ബാനർജിയായിരുന്നു ! കഴിഞ്ഞ ദിവസമാണ് മമത നന്ദിഗ്രാമിലെ വഴിയോര ചായക്കടയിൽ ചായ തയ്യാറാക്കി വിതരണം ചെയ്ത് ആളുകളെ ആശ്ചര്യപ്പെടുത്തിയത്. കടയിലെത്തിയവർക്കായി ചായ തയ്യാറാക്കാൻ മമത മുന്നോട്ട് വന്നതോടെ ഉടമ ആകെ അമ്പരന്നു. 'ഞാൻ ഇവിടെയുള്ളത് എല്ലാവരെയും സേവിക്കാനാണ്. അവർ ഏത് വിഭാഗത്തിലുള്ളവരാണെങ്കിൽ പോലും ' മമത പറഞ്ഞു.
ടേബിളുകളിലിരിക്കുന്ന ഗ്ലാസുകളിലേക്ക് മമത ചായ പകർന്ന് ആളുകൾക്കൊപ്പമിരുന്ന് ചായ കുടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മണ്ഡലത്തിലെ ആദ്യ റാലിയ്ക്കായി എത്തിയതായിരുന്നു മമത. പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം മമത ആദ്യം നന്ദിഗ്രാമിലെ ഒരു മാസാർ (ജാറം) സന്ദർശിച്ചിരുന്നു. തുടർന്ന് അടുത്തുള്ള മാചണ്ഡീ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.
മമത ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ ക്ഷേത്രത്തിന് സമീപം തടിച്ചു കൂടിയ സ്ത്രീകൾ ശംഖ് മുഴക്കിയാണ് മമതയെ വരവേറ്റത്. തുടർന്നാണ് ചായക്കടയിലേക്കുള്ള മമതയുടെ രംഗപ്രവേശനം. ഇതാദ്യമായല്ല മമത ചായക്കടയിൽ കയറി ചായയുണ്ടാക്കി ആളുകൾക്ക് വിതരണം ചെയ്യുന്നത്. 2019ൽ ദത്താപൂർ ഗ്രാമത്തിലും മമത 'ചായ് വാല'യുടെ റോൾ ഏറ്റെടുത്തിരുന്നു.
റാലിയ്ക്കിടെ ബി.ജെ.പിയ്ക്കിട്ട് കുറിക്കുക്കൊള്ളുന്ന മറുപടി നൽകാനും മമത മറന്നില്ല. റാലിയിൽ ഛണ്ഡീപത് മന്ത്രം ജപിച്ച മമതാ ബാനർജി വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്നും ഈ മന്ത്രം ജപിക്കാറുണ്ടെന്ന് പറഞ്ഞ് ബി.ജെ.പിയുടെ ഹിന്ദുത്വ കാർഡിന് മറുപടി നൽകുകയും ചെയ്തു. ബി.ജെ.പിയുടെ ഹിന്ദുത്വ കാർഡ് തന്നോട് ചെലവാകില്ലെന്നും താനൊരു ഹിന്ദു സ്ത്രീയാണെന്നും മമത പറഞ്ഞു.