
'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ് " എന്നൊരു ബോർഡ് പല സർക്കാർ ഓഫീസുകളുടെയും മുൻവശത്ത് കാണാറുണ്ട്. കാര്യങ്ങൾ എളുപ്പം നടന്നു കിട്ടാനോ വഴിവിട്ട ആനുകൂല്യങ്ങൾ നേടാനോ ഇറങ്ങിപ്പുറപ്പെട്ടവർക്ക് ഇത്തരം മുന്നറിയിപ്പ് ബോർഡൊന്നും പ്രശ്നമല്ല. ശമ്പളത്തിനു പുറമെ കിമ്പളവുമുണ്ടെങ്കിലേ ജീവിതം സുഭിക്ഷമാകൂ എന്നു കരുതുന്ന ഉദ്യോഗസ്ഥരുടെ സമീപനവും അതുതന്നെ. കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള രഹസ്യ ഏർപ്പാടാണത്. ചിലയിടങ്ങളിൽ അതിന് ഇടനിലക്കാരുണ്ടാകും. താപ്പാനകൾക്ക് ഇടനിലക്കാരുടെ ആവശ്യമൊന്നുമില്ല. എല്ലാം നേരിട്ടാകും. കൈക്കൂലിക്കാരെ കണ്ടുപിടിച്ച് വലയിലാക്കി നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വിജിലൻസിന്റെ ചുമതലകളിലൊന്ന്. ശക്തമായ പരാതികളുടെ അടിസ്ഥാനത്തിലാകും അവരുടെ പ്രവർത്തനം. വിജിലൻസിൽത്തന്നെ കറുത്ത ആടുകളുമുള്ളതിനാൽ കേസുകളുടെ എണ്ണം കുറവായിരിക്കും. കൈക്കൂലിക്കു പുകഴ്‌പെറ്റ ചില ഓഫീസുകളിൽ വിജിലൻസ് എത്തുന്നതിനു മുമ്പേ വിവരം അവിടെ എത്തിയിരിക്കും. തെളിവായി ഒരു തുമ്പുപോലും കണ്ടെടുക്കാനാകാതെ മടങ്ങേണ്ടിയും വരും. പതിവായി നടന്നുകൊണ്ടിരിക്കുന്ന ഏർപ്പാടാണിത്.
ഇടുക്കിയിലെ കുമളിയിൽ തന്റെ ഏലത്തോട്ടത്തിൽ നിർമ്മിച്ച മോട്ടോർപുരയ്ക്ക് വൈദ്യുതി കണക്‌ഷൻ എടുക്കാനായി കെട്ടിട നമ്പരിനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനുമായി പഞ്ചായത്തിനെ സമീപിച്ച കൃഷിക്കാരനിൽ നിന്ന് 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ക്ളാർക്ക് വിജിലൻസിന്റെ വലയിൽ കുടുങ്ങിയ വാർത്ത കണ്ടപ്പോഴാണ് സർക്കാർ ഓഫീസുകളിൽ ഇപ്പോഴും നിലനിൽക്കുന്ന കൈക്കൂലി വിപത്തിനെക്കുറിച്ച് ഓർത്തുപോയത്. നിശ്ചിത ഫീസടച്ചാൽ ചെയ്തുകൊടുക്കേണ്ട സേവനത്തിന് പ്രതിഫലം ആവശ്യപ്പെട്ട ഈ പഞ്ചായത്ത് ഉദ്യോഗസ്ഥനെപ്പോലുള്ള പലരും ഇവിടെയുണ്ടാകും. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കേണ്ടിവരുന്ന ചില സർക്കാർ ഓഫീസുകളുണ്ട്. റവന്യൂ ഓഫീസുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആർ.ടി ഓഫീസുകൾ, രജിസ്ട്രേഷൻ ഓഫീസുകൾ തുടങ്ങിയവ ഈ ഗണത്തിൽപ്പടുന്നവയാണ്. സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാൻ ബന്ധപ്പെട്ട ഓഫീസുകളുടെ സാക്ഷ്യപത്രങ്ങൾ ആവശ്യമായിവരും. ഇ - ഗവേണൻസിന്റെ ഭാഗമായി ഇപ്പോൾ പല സേവനങ്ങളും അനായാസം ലഭിക്കുന്ന സംവിധാനമായിട്ടുണ്ടെങ്കിലും പലതിനും നേരിട്ടുതന്നെ എത്തേണ്ടിവരും. മഹാവ്യാധിയായ കൈക്കൂലി എന്ന ശാപം നിലനിൽക്കാനുള്ള കാരണം ഇതാണ്. പണ്ടുകാലത്ത് ഏതെങ്കിലും ഒരു സർക്കാർ ഓഫീസിലെ ശിപായി രണ്ടുരൂപ കൈമടക്കു വാങ്ങുന്നതിനിടെ പിടിയിലായാൽ വലിയ വാർത്തയാകുമായിരുന്നു. കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ജോലി നഷ്ടപ്പെടുന്നവരുമുണ്ടായിരുന്നു. നിവൃത്തികേടു കൊണ്ടാണ് പലരും അന്നൊക്കെ അപേക്ഷയുമായി എത്തുന്നവരുടെ മുൻപിൽ കൈനീട്ടിയിരുന്നത്. എന്നാലിന്ന് പഴയ സ്ഥിതിയൊന്നുമല്ല ഉള്ളത്. ഏതു വിഭാഗത്തിൽപ്പെട്ട ജീവനക്കാരനും വലിയ അല്ലലില്ലാതെ ജീവിക്കാനുള്ള വേതനം സർക്കാർ നൽകുന്നുണ്ട്. അഞ്ചുകൊല്ലം കൂടുമ്പോൾ മുടങ്ങാതെ ശമ്പള പരിഷ്കരണവുമുണ്ട്. സാഹചര്യം ഇതായിരിക്കെ സേവനത്തിന് കൈക്കൂലി ചോദിച്ചുവാങ്ങാൻ ചിലരെങ്കിലും തയ്യാറാകുന്നെങ്കിൽ അത്തരക്കാരെ സർവീസിൽ നിന്നു പുറത്താക്കാനുള്ള നിയമ ഭേദഗതിയാണ് ആവശ്യം. തെളിവു സഹിതം കൈക്കൂലിക്കേസ് പിടിച്ചാലും സസ്‌പെൻഷനിലോ ലഘുവായ ശിക്ഷയിലോ ഒതുങ്ങാറാണ് പതിവ്. എത്ര ഗുരുതരമായ കേസിൽ ഉൾപ്പെട്ടാലും രക്ഷിക്കാൻ അയാൾ അംഗമായ സംഘടന ഒപ്പമുണ്ടാകും. അച്ചടക്കരാഹിത്യം വർദ്ധിക്കാനും തെറ്റുകൾ ചെയ്യാനുമുള്ള സാഹചര്യം ഒരുങ്ങുന്നത് അങ്ങനെയാണ്. കൈക്കൂലി വാങ്ങുന്നവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്ന് സർവീസ് സംഘടനകൾ കട്ടായം തീരുമാനിച്ചാൽ മതി. ഈ സാമൂഹ്യവിപത്തിന് നല്ല തോതിൽ അറുതി വരുമെന്നതിൽ സംശയം വേണ്ട.
കുമളി പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ മോട്ടോർ ഷെഡിന് നമ്പർ നൽകാൻ 15000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അയ്യായിരം രൂപ അഡ്വാൻസായി പറ്റുകയും ചെയ്തു. ശേഷിക്കുന്ന പതിനായിരം രൂപ വാങ്ങുന്നതിനിടയിലാണ് മുൻകൂർ ഏർപ്പാടു ചെയ്തതനുസരിച്ച് വിജിലൻസുകാർ എത്തി പിടികൂടിയത്. കോഴ വിഹിതം താൻ ഒറ്റയ്ക്കല്ല അനുഭവിക്കുന്നതെന്നും പങ്ക്, സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും നൽകേണ്ടതുണ്ടെന്നും അയാൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ശരിയോ തെറ്റോ ആകാം. താൻ ഏതായാലും പെട്ടു. കൂട്ടത്തിൽ കൂടെയുള്ളവർക്കും ഇരിക്കട്ടെ ഒരു പണി എന്നാകാനും മതി. എന്തായാലും പണം ആദ്യം, സർട്ടിഫിക്കറ്റ് പിന്നീട് എന്ന രീതിയിൽ 'സേവനം" നൽകുന്ന ഉദ്യോഗസ്ഥർക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നാണ് കുമളി പഞ്ചായത്ത് ഉദ്യോഗസ്ഥൻ കാണിച്ചുതരുന്നത്.
ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്കായി സേവനാവകാശ ചാർട്ടർ എഴുതിവച്ചിട്ടുണ്ട്. നിശ്ചിത സേവനം എത്ര ദിവസത്തിനകം ലഭ്യമാകുമെന്നും നിരസിക്കപ്പെടുന്നെങ്കിൽ അതിന്റെ കാരണം അറിയിക്കുമെന്നും ഉറപ്പു നൽകാറുണ്ട്. കൃത്യമായി അതു നടക്കുകയാണെങ്കിൽ സർക്കാർ ഓഫീസുകളുടെ കാര്യക്ഷമത ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. സേവനങ്ങൾക്ക് കൈമടക്കും നൽകേണ്ടിവരില്ല. ഓരോ വകുപ്പിന്റെയും മേലധികാരികളാണ് തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ ശരിയായ ദിശയിൽ നയിക്കേണ്ടത്. കൈക്കൂലി വിഷയത്തിൽ ജനങ്ങൾക്കുമുണ്ട് വലിയ ഉത്തരവാദിത്വം. ആവശ്യപ്പെട്ടാലും കൈക്കൂലി നൽകുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം. വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയും വേണം. എങ്കിൽ മാത്രമേ കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാനാവൂ.