
39 പുതുമുഖങ്ങൾ, 12 വനിതകൾ; മാറുന്നത് 33 സിറ്റിംഗ് എം.എൽ.എമാർ
മഞ്ചേശ്വരത്തും ദേവികുളത്തും പിന്നീട് പ്രഖ്യാപിക്കും
തിരുവനന്തപുരം: പൊന്നാനിയിലും കുറ്റ്യാടിയിലും ഉയർന്ന പ്രതിഷേധങ്ങളെ തള്ളി, 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. പൊന്നാനിയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ പരസ്യപ്രതിഷേധ പ്രകടനം നടന്നെങ്കിലും അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം. പരസ്യപ്രതിഷേധ പ്രകടനം നടന്ന കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്ത തീരുമാനത്തിലും മാറ്റമില്ല.
39 പുതുമുഖങ്ങളെ അണിനിരത്തിയുള്ള പട്ടികയിൽ, മുമ്പ് പാർലമെന്റംഗങ്ങളായിരുന്ന മൂന്ന് പേർ കൂടിയുണ്ട്. നിയമസഭയിലേക്ക് അവരും ആദ്യമായാണ് മത്സരിക്കുന്നതെന്നതിനാൽ ഇവരടക്കം 42 പേർക്ക് നിയമസഭയിലേക്കുള്ള കന്നിമത്സരമാകും. വനിതാ പ്രാതിനിദ്ധ്യം കഴിഞ്ഞ തവണത്തെപ്പോലെ 12ലെത്തി. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരടക്കം 33 സിറ്റിംഗ് എം.എൽ.എമാർ മാറും. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കുമെന്ന് സ്ഥാനാർത്ഥിപ്രഖ്യാപനം നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ അറിയിച്ചു. രണ്ടിടത്തെയും യു.ഡി.എഫ് സ്ഥാനാർത്ഥികളെക്കൂടി നോക്കി ആളെ നിശ്ചയിക്കാമെന്നാണ് കണക്കുകൂട്ടലെന്നറിയുന്നു. മഞ്ചേശ്വരത്ത് ജയാനന്ദയെ മത്സരിപ്പിക്കുന്നതിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നെങ്കിലും ജില്ലാകമ്മിറ്റി അദ്ദേഹത്തിന്റെ പേര് തന്നെയാണ് നിർദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ സ്വതന്ത്രരടക്കം 92 സീറ്റുകളിലേക്ക് മത്സരിച്ച സി.പി.എം, പുതുതായെത്തിയ കേരള കോൺഗ്രസ്-എം, ലോക് താന്ത്രിക് ജനതാദൾ കക്ഷികൾക്കായി ഏഴ് സീറ്റുകൾ വിട്ടുനൽകി 85ലേക്ക് ഒതുങ്ങി. ഇപ്പോൾ പ്രഖ്യാപിച്ച 83 പേരിൽ 74 പേർ പാർട്ടി ചിഹ്നത്തിലും 9 പേർ സ്വതന്ത്രരുമായാണ് മത്സരിക്കുക. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ആവശ്യപ്പെട്ടിരുന്ന സി.പി.ഐ, പകരം മലപ്പുറം ജില്ലയിലെ ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങൾ വിട്ടുനൽകാൻ ആദ്യം സമ്മതിച്ചിരുന്നെങ്കിലും ചങ്ങനാശ്ശേരി കിട്ടില്ലെന്നായപ്പോൾ അവ രണ്ടും നൽകാനാവില്ലെന്ന നിലപാടെടുത്തു. ഏറനാട് സി.പി.ഐ വിട്ടിരുന്നെങ്കിൽ ഫുട്ബാൾതാരം ഷറഫലിയെ മത്സരിപ്പിക്കാൻ സി.പി.എം ആലോചിച്ചിരുന്നു. അന്തിമ കണക്കിൽ സി.പി.എമ്മിന് ഏഴ് സീറ്റുകൾ വിട്ടുനൽകേണ്ടി വന്നപ്പോൾ, സി.പി.ഐക്ക് രണ്ടിന്റെ നഷ്ടം. നാല് സീറ്റുണ്ടായിരുന്നതിൽ മൂന്നും വിട്ടുനൽകേണ്ടിവന്ന ജനാധിപത്യ കേരള കോൺഗ്രസിനാണ് വലിയ നഷ്ടം.
പുതുച്ചേരി നിയമസഭയിലേക്ക് മാഹി നിയോജകമണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന എൻ. ഹരിദാസൻ മാസ്റ്റർക്ക് പിന്തുണ നൽകാനും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിലെ 8 പേർ മത്സരത്തിന്
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ എട്ടംഗങ്ങൾ നിയമസഭയിലേക്ക് മത്സരിക്കും. പിണറായി വിജയൻ, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മത്സരിക്കുന്നത്.
30 വയസിൽ താഴെ
നാല് പേർ:
ജെയ്ക് സി. തോമസ്, കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, പി. മിഥുന
30നും 40നും
ഇടയിൽ 8 പേർ:
എം. വിജിൻ, സക്കീർ ഹുസൈൻ .കെ.വി., പി.പി. സുമോദ്, ഷെൽന നിഷാദലി, ആന്റണി ജോൺ, എം.എസ്. അരുൺകുമാർ, കെ.യു. ജനീഷ് കുമാർ, വി.കെ. പ്രശാന്ത്.
41നും 50നുമിടയിൽ
13 പേർ:
കെ.വി. സുമേഷ്, എ.എൻ. ഷംസീർ, മുഹമ്മദ് റിയാസ്, ഗഫൂർ പി. ലില്ലീസ്, അഡ്വ. റഷീദ് അലി, അഡ്വ. പ്രേംകുമാർ, അഡ്വ.കെ. ശാന്തകുമാരി, ഡോ.ജെ. ജേക്കബ്, എം. സ്വരാജ്, എച്ച്. സലാം, യു. പ്രതിഭ, വീണ ജോർജ്ജ്, ഡോ. സുജിത് വിജയൻ.
51നും 60നുമിടയിൽ - 30
60 വയസിന് മുകളിൽ - 24
ബിരുദധാരികൾ -42 (28 പേർ അഭിഭാഷകർ)
ബിരുദാനന്തര ബിരുദമുള്ളവർ -14
ബി-ആർക്ക് -1
രണ്ട് പി.എച്ച്.ഡിക്കാർ
മന്ത്രി ഡോ.കെ.ടി. ജലീൽ (തവനൂർ), പ്രൊഫ.ആർ. ബിന്ദു (ഇരിങ്ങാലക്കുട)
രണ്ട് എം.ബി.ബി.എസുകാർ
ഡോ.ജെ. ജേക്കബ് (തൃക്കാക്കര), ഡോ. സുജിത് വിജയൻ (ചവറ)