
ബംഗാൾ തിരഞ്ഞെടുപ്പിൽ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് നന്ദിഗ്രാം മണ്ഡലത്തിലേക്കാണ്. സംസ്ഥാനത്ത് തീപ്പൊരി പോരാട്ടം നടക്കുന്ന നന്ദിഗ്രാമിൽ ഏറ്റുമുട്ടുന്നത് മുഖ്യമന്ത്രി മമത ബാനർജിയും മുമ്പ് മമതയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരിയുമാണ്. തൃണമൂൽ വിട്ട് പാർട്ടിയിലെത്തിയ സുവേന്ദുവാണ് ഇത്തവണ ബി.ജെ.പിയുടെ പ്രധാന ആയുധം.
ഏപ്രിൽ ഒന്നിനാണ് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27 മുതൽ എട്ടു ഘട്ടമായി നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് നന്ദിഗ്രാമിൽ ജനവിധി. ഏതായാലും ഗ്ലാമർ പോരാട്ടത്തിന്റെ വേദിയായ നന്ദിഗ്രാമിലെ പ്രചാരണത്തിനായി വരും ആഴ്ചകളിൽ വി.ഐ.പികളുടെയും സ്റ്റാർ കാമ്പെയ്നർമാരുടെയും നിര തന്നെ എത്തും എന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ, പ്രദേശത്ത് തങ്ങളുടെ ഹെലിപാഡുകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് തൃണമൂലും എതിരാളികളായ ബി.ജെ.പിയും. കഴിഞ്ഞ ഞായറാഴ്ച തൃണമൂൽ ഹെലിപാഡിൽ പരീക്ഷപ്പറക്കലും നടന്നിരുന്നു. ബർത്തലയിലാണ് തൃണമൂലിന്റെ ഹെലിപാഡ് നിർമ്മാണം പുരോഗമിക്കുന്നത്.
പ്രാദേശിക ബി.ജെ.പി നേതാക്കളുടെ മേൽനോട്ടത്തിൽ സുവേന്ദു അധികാരിയ്ക്കായുള്ള ഹെലിപാഡ് നിർമ്മാണം രാവും പകലും നടക്കുകയാണ്. ഹരിപ്പൂർ ഗ്രാമത്തിൽ നാല് ഏക്കർ പ്രദേശത്താണ് ഹെലിപാഡ് നിർമ്മാണം. ഇത് താത്കാലിക ഹെലിപാഡാണെന്നും പത്ത് കർഷകർ ചേർന്നാണ് അവരുടെ ഭൂമി നിർമ്മാണത്തിനായി നൽകിയതെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. സൗജന്യമായാണ് അവർ ഭൂമി നൽകാൻ മുന്നോട്ട് വന്നതെന്നും എന്നാൽ, തങ്ങൾ പ്രതിഫലം നൽകിയെന്നും അവർ പറയുന്നു.
സംസ്ഥാനത്തുടനീളം ബി.ജെപിയ്ക്കായി പ്രചാരണം നടത്തേണ്ട സുവേന്ദുവിന് യാത്ര എളുപ്പമാക്കാനാണിതെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം ഹെലിപാഡ് പൊളിച്ചു നീക്കി ഭൂമി കർഷകർക്ക് മടക്കി നൽകും. ഏകദേശം 50 ലക്ഷം വരെയാണ് ഹെലിപാഡ് നിർമ്മാണത്തിനും മറ്റും ചെലവാകുന്നത്. കുറഞ്ഞത് 50,000 വോട്ടുകൾക്കെങ്കിലും മമതയെ പരാജയപ്പെടുത്തുമെന്നാണ് സുവേന്ദു പ്രഖ്യാപിച്ചിരിക്കുന്നത്.