migrain

മൈഗ്രേൻ തലവേദനയുടെ കാരണം കൃത്യമായി കണ്ടെത്താൻ സാധിക്കാത്തതുകൊണ്ട്, അത്തരം തലവേദനകൾ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്ന് കരുതരുത്. വ്യക്തമായ കാരണങ്ങളും തലവേദനകളുടെ വിഭാഗങ്ങളും മനസിലാക്കുന്നതിന് ആയുർവേദശാസ്ത്രത്തിൽ കൃത്യമായ സൂചനകളുണ്ട്. അതുകൊണ്ടുതന്നെ,​ മറ്റേത് തലവേദനയേയും പോലെ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന തലവേദനയാണ് മൈഗ്രേയ്ൻ. എന്നാൽ,​ പരസ്യങ്ങളിലും അമിതവാഗ്ദാനങ്ങളിലും വീണുപോകാതെ ശരിയായ ആയുർവേദ ചികിത്സയാണ്‌ ചെയ്യേണ്ടതെന്നുമാത്രം.

ചൂടു കൊടുത്ത് വിയർപ്പിക്കുക, മൂക്കിൽ മരുന്ന് ഇറ്റിക്കുക, മൂക്കിൽ ഔഷധപുക ഏൽപ്പിക്കുക, വയറിളക്കുക, തലയിൽ മരുന്ന് അരച്ചുപുരട്ടുക, തല തുണിവച്ച് കെട്ടി വയ്ക്കുക, മരുന്നുകൊടുത്ത് ഛർദ്ദിപ്പിക്കുക, തലയിൽ എണ്ണ തുടങ്ങിയ മരുന്നുകൾ തളം ഇട്ട് നിർത്തുക, ശിരോവസ്തി, രക്തമോക്ഷം, പൊള്ളിക്കുക,നെയ്യ് സേവിക്കുക,ചുവന്ന അരി,നവരയരി, പാൽ, മാംസം, മുരിങ്ങയില, മുന്തിരിങ്ങ, ചീര, പാവയ്ക്ക, മാങ്ങ, നെല്ലിക്ക, മാതളം, മാതളനാരങ്ങ, നാരങ്ങ, മോര്,കരിക്കിൻ വെള്ളം എന്നിവകൂടി ശിരോരോഗമുള്ളവർ ഉപയോഗിക്കണമെന്ന് ആയുർവേദത്തിൽ പ്രത്യേക നിർദ്ദേശങ്ങളുണ്ട്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഔഷധങ്ങൾ ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേക്കുകയും, രാത്രിയിൽ നെയ്യ് സേവിച്ചു പുറമേ ചൂടുപാൽ കുടിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. നെയ്യ് ചേർത്ത് പാകപ്പെടുത്തിയ ഉഴുന്നോ മുതിരയോ ചെറുപയറോ രാത്രിയിൽ കഴിച്ച് പുറമേ ചൂടുള്ള പാൽ കുടിക്കുന്നതും ഗുണം ചെയ്യും.
ഗോതമ്പ് കൊണ്ടുള്ള പലഹാരങ്ങൾ നെയ്യിൽ പാകപ്പെടുത്തിയതും ചെറുപയർപരിപ്പ് കഴിക്കുകയും ചൂടുപാൽ കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്. നാരായണതൈലം,മാഷതൈലം,പ്രസാരണി തൈലം എന്നിവ തലയിൽ തേക്കുന്നത് പ്രയോജനം ചെയ്യും. തലയിലും ദേഹത്തും ബലാതൈലം തേയ്ക്കുന്നത് നല്ലതു തന്നെ. ഭക്ഷണത്തോടൊപ്പം കറിവച്ച മാംസമോ, കാച്ചിയ പാലോ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

അർദ്ധാവഭേദക രോഗത്തെ ശരിയായി ചികിത്സിച്ചില്ലെങ്കിൽ കണ്ണ്, ചെവി എന്നിവയിൽ ഒന്നിന്റെയെങ്കിലും പ്രവർത്തനം നഷ്ടപ്പെടുന്നതിന് ഇടയാകുമെന്ന് ആചാര്യന്മാർ സൂചന നൽകുന്നു.

പലപ്പോഴും മറ്റു ചികിത്സകൾ ചെയ്തു തളർന്ന പലരും തലയ്ക്കുള്ള എണ്ണ മാറ്റിയാൽ മൈഗ്രേൻ എന്നെന്നേക്കുമായി മാറുമെന്ന അമിത വിശ്വാസത്തിലാണ് ആയുർവേദ ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ ഔഷധങ്ങളുപയോഗിച്ച് ഛർദ്ദിക്കുകയും, വയറിളക്കുകയും, മൂക്കിൽ മരുന്ന് ഇറ്റിക്കുകയും ചെയ്യുകയാണ് അർദ്ധാവഭേദകം ശമിപ്പിക്കുന്നതിനുള്ള പ്രധാന ചികിത്സകളായി ആയുർവേദം പറയുന്നത്. കൂടാതെ കഷായവസ്തി, സ്നേഹവസ്തി എന്നിവയും ചെയ്യാനും നിർദ്ദേശമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പഞ്ചകർമ്മ ചികിത്സയിൽപ്പെടുന്ന 5 ചികിത്സകളും ചെയ്തു മാത്രമേ അർദ്ധാവഭേദകം ശമിപ്പിക്കുന്നതിന് സാധിക്കുകയുള്ളൂ.

എന്നാൽ,​ പഞ്ചകർമ്മചികിത്സകളുൾപ്പെടെ ചെയ്ത് പൂർണ്ണമായും ശമിപ്പിക്കാവുന്ന ഒരു രോഗമാണ് മൈഗ്രേൻ എന്ന കാര്യത്തിൽ സംശയമില്ല. വീര്യമേറിയ മരുന്നുകളും വേദനാസംഹാരികളും ഒഴിവാക്കാനും ആയുർവേദ ചികിത്സ കൊണ്ട് സാധിക്കും.