
ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം റിലീസിനൊരുങ്ങി നാല് ചിത്രങ്ങൾ. നയൻതാര, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷാ സജയൻ, അനുസിതാര തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന നായാട്ട്, നിഴൽ, സ്‌റ്റാർ, അനുരാധ ക്രൈം നമ്പർ 59 / 2019 എന്നീ നാല് ചിത്രങ്ങളാണ് ഏപ്രിലിൽ തിയേറ്ററുകളിലെത്തുന്നത്.
ബെസ്റ്റ് ആക്ടർ. എ.ബി.സി.ഡി, ചാർലി എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തും. അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് മാർട്ടിൻ പ്രക്കാർട്ട് ഫിലിംസാണ് ജോസഫിന് ശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷാ സജയനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കാമറ : ഷൈജു ഖാലിദ്, എഡിറ്റിംഗ്: മഹേഷ് നാരായണൻ. മാജിക് ഫ്രെയിംസ് റിലീസാണ് നായാട്ട് പ്രദർശനത്തിനെത്തിക്കുന്നത്.
പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന സ്റ്റാർ ഏപ്രിൽ 9ന് റിലീസ് ചെയ്യും. നവാഗതനായ സുവിൻ എസ്. സോമശേഖരനാണ് ഈ ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ജോജു ജോർജും ഷീലു എബ്രഹാമും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.
അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സ്റ്റാറിൽ സാനിയ ബാബു, ശ്രീലക്ഷ്‌മി, തന്മയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് പുനലൂർ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
നയൻതാരയും കുഞ്ചാക്കോ ബോബനും നായികാനായകന്മാരാകുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലെത്തും. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരവും നേടിയ ചിത്രസംയോജകൻ അപ്പു എൻ. ഭട്ടതിരി സംവിധായകനാകുന്ന നിഴൽ ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും മെലാഞ്ച് ഫിലിം ഹൗസിനെയും ടെന്റ് പോൾ മൂവിസിന്റെയും ബാനറുകളിൽ ആന്റോ ജോസഫ്, അഭിജിത്ത് എം. പിള്ള, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ എൻ.എം, സംവിധായകൻ ഫെല്ലിനി. ടി.പി. ജിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നിഴലിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.
മാസ്റ്റർ ഉസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം : ദീപക് ഡി. മേനോൻ, സംഗീതം: സൂരജ് എസ്. കുറുപ്പ്, സംവിധായകനൊപ്പം അരുൺലാൽ എസ്.പിയും ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരനെയും അനുസിതാരയെയും നായകനും നായികയുമാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പർ 59 / 2019 ഏപ്രിൽ ഒടുവിൽ പ്രദർശനത്തിനെത്തും.
ഗാർഡിയൻ ഏയ്‌ഞ്ചൽ, ഗോൾഡൻ എസ്. പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ഏയ്‌ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യാംകുമാർ എസ്, സിനോജോൺ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഖദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ്.
സംവിധായകനും ജോസ് തോമസ് പോളക്കലും ചേർന്നാണ് രചന നിർവഹിക്കുന്നത്. കാമറ: അജയ് ഡേവിഡ് കാപ്പച്ചിള്ളി.