
ബാലരാമപുരം: ബാലരാമപുരം - കാട്ടാക്കട റോഡിന്റെ ശനിദശ മാറുന്നു. പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡിന്റെ പുനരുദ്ധാരണ ജോലികൾ കഴിഞ്ഞദിവസം ആരംഭിച്ചു. മരാമത്ത് വകുപ്പ് ദേശീയപാത അതോറിട്ടിക്ക് റോഡ് കൈമാറിയതോടെയാണ് നിർമ്മാണം ആരംഭിച്ചത്. നിലവിൽ വിണ്ടുകീറിയ ഭാഗങ്ങൾ, പൂർണമായും തകർന്നുകിടക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലെ കുഴികൾ മെറ്റലിട്ട് അടയ്ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പൊയ്തെങ്കിലും നിർമ്മാണത്തിന് വെല്ലുവിളിയാകില്ലെന്ന് കരാറുകാരൻ അറിയിച്ചു.
കഴിഞ്ഞ ആറ് മാസത്തിനിടെ ചെറുതും വലുതുമായ അപകടങ്ങൾ പതിവായതോടെ റോഡ് നവീകരണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതോടെ ആക്ഷേപമുന്നയിച്ച സ്ഥലങ്ങളിൽ മെറ്റലിട്ട് കൂടുതൽ അപകടമുണ്ടാകാതെ താത്കാലിക പരിഹാരമുണ്ടാക്കി. പൊട്ടിപ്പൊളിഞ്ഞ ഓടയുടെ മെയിന്റനൻസ് ജോലികളും നടക്കും. കിഫ്ബി ഫണ്ടിൽ നിന്നും ബി.എം ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘകാല സുരക്ഷിതത്വം ഉറപ്പാക്കിയാണ് നിർമ്മാണം നടത്താൻ ദേശീയപാത അതോറിട്ടി തീരുമാനിച്ചിരിക്കുന്നത്.
മെറ്റലിംഗ് ജോലികൾ കഴിഞ്ഞാൽ ഈ മാസം 20ഓടെ ടാറിംഗ് ആരംഭിക്കും. ടാറിംഗ് ആരംഭിച്ചാൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കരാറുകാരന്റെ മരണത്തെ തുടർന്ന് 9 മാസമായി റോഡിന്റെ നിർമ്മാണജോലികൾ തടസപ്പെട്ടിരിക്കുകയായിരുന്നു. പഴയ കരാറുകാരന്റെ ടെൻഡർ റദ്ദാക്കി വർക്ക് പുതിയ കരാറുകാരന് കൈമാറാനും കാലതാമസം നേരിട്ടതാണ് റോഡ് നിർമ്മാണം ഇത്രയും നീളാൻ കാരണം.