vijayaraghavan

തുടർഭരണത്തിന് സഹായിക്കുന്ന പട്ടിക

പാർട്ടി നിലപാടിനൊപ്പം പ്രവർത്തകർ നിൽക്കും

തിരുവനന്തപുരം: സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പരസ്യപ്രതിഷേധങ്ങൾ പ്രാദേശിക വികാരങ്ങളാണെന്നും പാർട്ടി പൊതുനിലപാടെടുത്താൽ അതിനൊപ്പം സഖാക്കളെല്ലാം അണിനിരക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കാൻ സഹായിക്കുന്ന സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോട് അദ്ദേഹം. പ്രതികരിച്ചു. സി.പി.എമ്മിന്റെ സ്ഥാനാർത്ഥികളിൽ മികച്ചയാളുകളെ ഒഴിവാക്കിയെന്ന് ബോധപൂർവം ചിലർ പ്രചരിപ്പിക്കുന്നത് ജനങ്ങൾ നിരാകരിക്കും. ആരെയും ഒഴിവാക്കുകയല്ല രണ്ട് ടേം മാനദണ്ഡത്തിന്റെ ഉദ്ദേശ്യം. പുതിയ ആളുകൾക്ക് അവസരം നൽകുകയാണ്. പാർലമെന്ററി, പാർലമെന്ററിയേതര പ്രവർത്തനങ്ങൾക്ക് പാർട്ടി ഒരു പോലെ പ്രാധാന്യം നൽകുന്നു. സമൂഹത്തിലെ നാനാമേഖലയിലുള്ള ജനവിഭാഗങ്ങളുടെ പരിച്ഛേദമാണ് പട്ടിക. വിദ്യാർത്ഥി, യുവജന രംഗത്തുള്ള 13പേരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് മറ്റ് ചില പരിഗണനകൾക്കായാണ്. മഞ്ചേശ്വരത്ത് ഭാഷാന്യൂനപക്ഷ ഘടകവും പരിഗണിക്കണം.

കേരള കോൺഗ്രസിന് സീറ്റുകൾ നൽകുന്നതിൽ മുന്നണി ഐക്യത്തോടെയാണ് തീരുമാനമെടുത്തത്. യു.ഡി.എഫിൽ 15 സീറ്റിൽ മത്സരിച്ച അവർ എൽ.ഡി.എഫിൽ 13 ഇടത്താണ് മത്സരിക്കുന്നത്. മഹത്തായ ലക്ഷ്യത്തിനായി എല്ലാകക്ഷികളും വിട്ടുവീഴ്ച ചെയ്തു. സി.പി.എം അഞ്ച് സിറ്റിംഗ് സീറ്റുകളുൾപ്പെടെ ഏഴ് സീറ്റുകളാണ് വിട്ടുനൽകിയത്. ജോസഫിനൊപ്പം ഒറ്റപ്പെട്ട നേതാക്കളാണുള്ളത്. അവർക്ക് യു.ഡി.എഫിൽ അർഹമായ പരിഗണന കിട്ടില്ല. എൽ.ഡി.എഫ് വിട്ടവർക്ക് അപ്പുറത്ത് കഷ്ടപ്പാടാണ്. പൊതുസ്വതന്ത്രർക്ക് പാർട്ടി അച്ചടക്കം ബാധകമല്ലെന്ന്, മന്ത്രി കെ.ടി. ജലീൽ രണ്ട് ടേം വ്യവസ്ഥയിൽ നിന്നൊഴിവായതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി. അവർ പുറത്തുള്ളവരാണ്. പൊതുതീരുമാനമാവും ബാധകം.

പ്രൊഫ. ബിന്ദുവിന്റെ

ബയോഡാറ്റയുണ്ട്

ഇരിങ്ങാലക്കുടയിൽ ഒരു ടേം മാത്രം പിന്നിട്ട പ്രൊഫ. അരുണനെ മാറ്റി പ്രൊഫ. ബിന്ദുവിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, അവരുടെ ബയോഡാറ്റയുണ്ടെന്നായിരുന്നു മറുപടി. അവർ സി.പി.എമ്മിന്റെ തൃശൂർ ജില്ലാകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും എ.കെ.പി.സി.ടി.എ വർക്കിംഗ് കമ്മിറ്റിയംഗവുമാണെന്നും വിജയരാഘവൻ വിശദീകരിച്ചു.