elephant

കാട്ടാക്കട: ജില്ലയിലെ പ്രധാന ആനപുനരധിവാസ കേന്ദ്രമായ കോട്ടൂരിലെ കാപ്പുകാട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായതോടെ സഞ്ചാരികളുടെ വരവും കാത്തിരിക്കുകയാണ് ഇവിടം. ആനകളെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെയെത്തിയാൽ ഇവയെ കൂടുതൽ അടുത്തറിയാനും ഇടപഴകാനും അവസരമുണ്ട്. രാവിലെ കാപ്പുകാട്ട് എത്തിയാൽ നെയ്യാറിലെ ആനകളുടെ കുളിയും അതുകഴിഞ്ഞ് രണ്ട് നേരം ആഹാരം നൽകുന്നതും നേരിൽ കാണാൻ അവസരമുണ്ട്. കുട്ടിയാനകൾ കൂട്ടിലെത്തിയാലുള്ള കളിയും ഓട്ടവുമെല്ലാം സഞ്ചാരികൾക്ക് ഏറെ കൗതുകം പകരുന്നതാണ്. മാനസികോല്ലാസത്തിനും കുട്ടികൾക്ക് കളിക്കാനും ഇവിടെ പ്രത്യേക സൗകര്യമുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവിടെ നിയന്ത്രണങ്ങളുണ്ടെങ്കിലും സാഹചര്യം മാറിയാൽ ഏഷ്യയിലെ തന്നെ പ്രധാന ടൂറിസ്റ്ര് കേന്ദ്രമാകും കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം. 2017ൽ കിഫ്ബി വഴി ഭരണാനുമതി ലഭിച്ച 105 കോടിരൂപയുടെ പദ്ധതിയുടെ ഭാഗമായി 2019ൽ ആദ്യഘട്ടമായി ലഭിച്ച 73 കോടിരൂപയുടെ നി‌ർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. ആനകളുടെ മ്യൂസിയം, ആനകളെക്കുറിച്ച് പഠിക്കുന്നതിനുള്ള സംവിധാനം എന്നിവയും പാർക്കിലുണ്ടാകും. കുട്ടി ആനകൾക്കായുള്ള നഴ്‌സറി, ഫീഡിംഗ് സ്റ്റേഷൻ,​ ആനകളെ പരിപാലിക്കുന്ന ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കുള്ള സൗകര്യം, കുടിവെള്ള സൗകര്യത്തിനായി റിസർവോയർ എല്ലാം പാർക്കിന്റെ ഭാഗമായി വരും. രണ്ടാംഘട്ട പ്രവർത്തനങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ ധാരാളം സഞ്ചാരികൾ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷ.

 നവീകരണങ്ങൾ ഇങ്ങനെ

എൻട്രൻസ് പ്ലാസ, അഡ്മിനിസ്ട്രറ്റീവ് ബ്ലോക്ക്, വെറ്ററിനറി ആശുപത്രി, കുട്ടിയാനകളുടെ പരിചരണ കേന്ദ്രം, ആനകളുടെ ആവാസവ്യവസ്ഥയിൽ നിർമ്മിച്ച നാല് എൻക്ലോഷറുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയത്. 2020 ഡിസംബറിൽ പൂർത്തിയാകുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിച്ചതെങ്കിലും കൊവിഡ് രൂക്ഷമായതോടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടു. എന്നാൽ ലോകോത്തര നിലവാരത്തിലാണ് പുതിയ പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി ആനകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നതും ഇവിടത്തെ പ്രത്യേകതകളിൽ ഒന്നാണ്.

 2017ൽ പാർക്കിന്റെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ചത്- 105 കോടി രൂപ

 2019ൽ ആദ്യഘട്ടമായി അനുവദിച്ച തുക - 73 കോടി രൂപ

 ആന പുനരധിവാസ കേന്ദ്രത്തിൽ

കൊമ്പനാനകൾ:8

പിടിയാനകൾ: 8

 നവീകരണത്തോടെ അൻപതോളം ആനകളെ ഇവിടെ പരിപാലിക്കാൻ കഴിയും

കോട്ടൂർ കാപ്പുകാട് നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ആന സഫാരിയും പുനരധിവാസ കേന്ദ്രവും കൂടിയായതോടെ ലോകോത്തര ശ്രദ്ധനേടാൻ കാപ്പുകാടിന് കഴിഞ്ഞു. ഈ പാർക്കിനൊപ്പം ഇവിടത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പുതിയ സംരംഭം വരുന്നതിലൂടെ കഴിയും.

കോട്ടൂർ വിനോദ്,​

പ്രദേശവാസി