
തിരുവനന്തപുരം: കോൺഗ്രസും ബി.ജെ.പിയും തമ്മിലെ കൂട്ടുകെട്ടിന് ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരത്തെത്തിയ രാഹുൽഗാന്ധി അമിത്ഷായ്ക്കെതിരെയും അമിത്ഷാ തിരിച്ചും ഒന്നും പറയാതിരുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2016ൽ ഒരു സീറ്റിൽ വിജയിച്ച ബി.ജെ.പിക്ക് ഇക്കുറി അതും നഷ്ടമാകും.. ഇടതുമുന്നണിയുടെ തുടർഭരണം ഇല്ലാതാക്കാനുള്ള ധനിക രാഷ്ട്രീയ, തീവ്ര വർഗീയ ശക്തികളുടെ ശ്രമം വിജയിക്കില്ല. മോദിയുടെ ജനവിരുദ്ധ, വർഗീയ നയങ്ങളെ എതിർക്കുന്നത് ഇടതുപക്ഷമാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്താൻ ബി.ജെ.പി ഉന്നതതല ഗൂഢാലോചന നടത്തി. അമിത്ഷായുടെ തിരുവനന്തപുരം പ്രസംഗം അതിന് തെളിവാണ്. അതിന്റെ ചുരുളുകളോരോന്നായി അഴിയുകയാണ്.
ഇടതുപക്ഷവിരോധം കാരണം, മോദിയുടെ ജനവിരുദ്ധനയങ്ങളെ എതിർക്കാൻ പോലും കോൺഗ്രസ് തയാറല്ല. കേന്ദ്ര ഏജൻസികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ഇടതുപക്ഷ തുടർഭരണം ജനമാഗ്രഹിക്കുന്നു. ജനങ്ങളെ ചേർത്തു പിടിച്ച സർക്കാരാണിതെന്നും വിജയരാഘവൻ പറഞ്ഞു.