pinarayi

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ പന്ത്രണ്ട് മന്ത്രിമാർ.

സി.പി.എമ്മിൽ നിന്ന് അഞ്ച് മന്ത്രിമാർ ഒഴിവായപ്പോൾ ,മുഖ്യമന്ത്രിക്ക് പുറമേ ഏഴ് പേരാണ് വീണ്ടും സ്ഥാനാർത്ഥികളായത്. മുഖ്യമന്ത്രി ധർമ്മടത്ത് തന്നെ. കെ.കെ. ശൈലജ കൂത്തുപറമ്പിൽ നിന്ന് മട്ടന്നൂരിലേക്ക് മാറി. കൂത്തുപറമ്പ് ഘടകകക്ഷിയായ എൽ.ജെ.ഡിക്ക് വിട്ടുനൽകി. ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പഞ്ചോല), ജെ. മേഴ്സിക്കുട്ടി അമ്മ (കുണ്ടറ), എ.സി. മൊയ്തീൻ (കുന്നംകുളം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), ഡോ.കെ.ടി. ജലീൽ (തവനൂർ) എന്നിവർ നിലവിലെ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടും.

സി.പി.ഐ മന്ത്രിമാരിൽ നിയമസഭാ കക്ഷിനേതാവും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ മാത്രമാണ് വീണ്ടും മാറ്റുരയ്ക്കുക. കാഞ്ഞങ്ങാട് നിന്ന് തന്നെയാണ് മത്സരം. മൂന്ന് മന്ത്രിമാർ ഒഴിവായി. ജനതാദൾ-എസിന്റെ മന്ത്രി കെ. കൃഷ്ണൻകുട്ടി ചിറ്റൂരിലും, എൻ.സി.പിയുടെ മന്ത്രി എ.കെ. ശശീന്ദ്രൻ എലത്തൂരിലും, കോൺഗ്രസ്-എസിലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലും വീണ്ടും മത്സരിക്കും.

മുഖ്യമന്ത്രി ധർമ്മടത്ത് പ്രചരണ പര്യടനത്തിലായതിനാൽ ഇന്നലത്തെ മന്ത്രിസഭായോഗം മാറ്റി വച്ചു. മത്സരിക്കുന്ന മന്ത്രിമാരും അവരുടെ മണ്ഡലങ്ങളിൽ തിരക്കിലാണ്.

മുഖ്യമന്ത്രിയുടെ ജില്ലാ

പര്യടനം 17 മുതൽ

ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കായുള്ള മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനം 17ന് ആരംഭിക്കും. വയനാട്ടിൽ നിന്നാണ് തുടക്കം. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻ.സി.പി ദേശീയാദ്ധ്യക്ഷൻ ശരദ് പവാർ തുടങ്ങിയ ദേശീയ നേതാക്കൾ ഇടതു പ്രചാരണത്തിനെത്തും.