
തിരുവനന്തപുരം: ആർ.എസ്.പി മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ നാലിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കയ്പമംഗലം സീറ്റിന് പകരം അമ്പലപ്പുഴ നൽകാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, തീരുമാനം വൈകുന്നതിനാൽ അവിടേക്കുള്ള സ്ഥാനാർത്ഥിയെ തത്കാലം പ്രഖ്യാപിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചവറയിൽ ഷിബുബേബിജോൺ, ഇരവിപുരത്ത് ബാബു ദിവാകരൻ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ ,ആറ്റിങ്ങലിൽ അഡ്വ.എ.ശ്രീധരൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.
അമ്പലപ്പുഴയിൽ യു.ഡി.എഫിൽ നേരത്തെ ജെ.ഡി.യു ആണ് മത്സരിച്ചിരുന്നത്.ജെ.ഡി.യു ഇപ്പോൾ മുന്നണിയിൽ ഇല്ലാത്തതിനാലാണ് ആവശ്യപ്പെട്ടത്. എന്നാൽ ജി.സുധാകരൻ മത്സര രംഗത്തില്ലെന്ന് അറിഞ്ഞതോടെ, അമ്പലപ്പുഴ സീറ്റിനായി ആവശ്യക്കാർ ഏറെ ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനം
വൈകുന്നതിൽ പ്രതിഷേധം
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കുമെന്ന ഉറപ്പ് യു.ഡി.എഫിൽ പാലിക്കാത്തതിൽ അമർഷമുണ്ടെന്നും, യു.ഡിഎഫ്. ജയിക്കാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും എ.എ.അസീസ് പറഞ്ഞു.അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾക്ക് പിണറായിയും, പിണറായി ഉയന്നയിച്ച ചോദ്യങ്ങൾക്ക് അമിത്ഷായും മറുപടി പറയണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
ആർ.എസ്.പി സ്ഥാനാർത്ഥികൾ
ഉല്ലാസ് കോവൂർ - കുന്നത്തൂർ
വയസ് 41. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റി അംഗവുമാണ്. 2016ൽ കുന്നത്തൂരിൽ പരാജയപ്പെട്ടു. പി.എസ്.യുവിലൂടെ രഷ്ട്രീയരംഗത്തെത്തി. യുവജന സമരങ്ങളിലെ സജീവ സാന്നിദ്ധ്യം. പൊലീസ് മർദ്ദനങ്ങൾക്ക് പുറമേ നിരവധി ദിവസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. നാടൻപാട്ട് കലാകാരനാണ്. കേന്ദ്ര - സാംസ്കാരിക വകുപ്പിന്റെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടി 'കാണിക്കാരുടെ ചാറ്റ് പാട്ട്" എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു. ചാനൽ പരിപാടികളിലും സജീവം. കോവൂർ ചരുവിള വീട്ടിൽ താമസം. കൊറ്റങ്കുളങ്ങര വി.എച്ച്.എസ്.എസിൽ നിന്ന് പ്യൂണായി വിരമിച്ച സി. തങ്കപ്പന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ജി. സുധർമ്മയുടെയും മകൻ. പത്രപ്രവർത്തകയായ സി.ജി. ആശയാണ് ഭാര്യ. മകൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഋതു.
ഷിബു ബേബിജോൺ - ചവറ
വയസ് 57. ആർ.എസ്.പി ദേശീയകമ്മിറ്റി അംഗം. നീണ്ടകര, വയലിൽ ബംഗ്ളാവിൽ മുൻ മന്ത്രി ബേബിജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക്കിൽ ബിരുദം. 2001ലും 2011ലും ചവറയിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2011ൽ തൊഴിൽ വകുപ്പ് മന്ത്രിയായി. 2006ൽ എൻ.കെ. പ്രേമചന്ദ്രനോടും 2016 ൽ വിജയൻപിള്ളയോടുംപരാജയപ്പെട്ടു. ഭാര്യ: ആനി ബേബിജോൺ. മക്കൾ: അച്ചു ബേബി ജോൺ, അമർ സെബാസ്റ്റ്യൻ ജോൺ.
ബാബു ദിവാകരൻ - ഇരവിപുരം
വയസ് 67. പട്ടത്താനം ശാന്താലയത്തിൽ മുൻമന്ത്രി ടി.കെ. ദിവാകരന്റെയും ദേവയാനിയുടെയും മകൻ. നിയമ ബിരുദധാരി. 1987, 1996, 2001 കാലഘട്ടത്തിൽ നിയമസഭാ സാമാജികൻ. 2001ൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 1969ൽ പാർലമെന്റിലേക്ക് കൊല്ലത്ത് മത്സരിച്ചെങ്കിലും എസ്. കൃഷ്ണകുമാറിനോട് പരാജയപ്പെട്ടു. 1998ൽ സംസ്ഥാന പരിസ്ഥിതി കമ്മിറ്റി ചെയർമാനായിരുന്നു. ആർ.വൈ.എഫിലൂടെ രാഷ്ട്രീയപ്രവേശനം. ആർ.വൈ.എഫ് കേന്ദ്ര - സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവിൽ ആർ.എസ്.പി ദേശീയ - സംസ്ഥാന സെക്രട്ടേറിയറ്റംഗം. കശുഅണ്ടി, കയർ തുടങ്ങി ജില്ലയിലെ തൊഴിലാളി യൂണിയനുകളിലെ സജീവ പ്രവർത്തകൻ. ഭാര്യ: ഗൈനക്കോളജിസ്റ്റായ ഡോ. ജി. സുധ. മകൾ: ചൈതന്യബാബു.
അഡ്വ.എ.ശ്രീധരൻ
ആറ്റിങ്ങൽ
69 വയസ്, നിലമേൽ ആഴാന്തക്കുഴി സ്വദേശി. ചെറിയ പ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രീധരൻ സഹോദരങ്ങളുടെ സംരക്ഷണയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചൽ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദം, കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം, ലാഅക്കാഡമിയിൽ നിന്ന് എൽ.എൽ.ബി, ഡെപ്യൂട്ടി തഹസീൽദാർ,എ.ഇ.ഒ എന്നിവയിൽ ഒരേസമയം സ്പെഷ്യൽ റിക്രൂട്ടുമെന്റിലൂടെ നിയമനം കിട്ടിയ ശ്രീധരൻ എ.ഇ.ഒ ആയി ജോലിയിൽ പ്രവേശിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,ഡി.ഇ.ഒ പദവികളിൽ നിന്ന് വിരമിച്ചശേഷം വക്കീലായി എൻറോൾ ചെയ്തു. സിദ്ധനർ സർവീസ് സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയാണ്.ഭാര്യ ആരോഗ്യ വകുപ്പിൽ നഴ്സിംഗ് സൂപ്രണ്ടായി റിട്ടയർ ചെയ്ത കെ.ഇ .രാധ . മക്കൾ : അരുൺ, പ്രീയ, കിരൺ.