
തിരുവനന്തപുരം: ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന അന്തർ ജില്ലാമോഷണസംഘത്തിലെ പ്രധാനിയെ വഞ്ചിയൂർ പൊലീസ് പിടികൂടി. കൊല്ലം പളളിമുക്ക് കൂട്ടിക്കട മാളികപ്പുരയിടം വീട്ടിൽ അമീർ എന്ന് വിളിക്കുന്ന അമീർഷാ (25)യാണ് പിടിയിലായത്. വട്ടിയൂർക്കാവ് സ്വദേശി ശരത്തിന്റെ ബൈക്ക് മോഷണ കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാൾ കുടുങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 23ന് അമീറിന്റെ നേതൃത്വത്തിലുളള സംഘം ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ പൂട്ടിവച്ചിരിക്കുകയായിരുന്ന ഒന്നര ലക്ഷം രൂപ വിലയുളള ബൈക്കാണ് മോഷ്ടിച്ചെടുത്തത്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചതിൽ നിന്ന് സമാന മോഷണങ്ങൾ നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നും കണ്ടെത്തി. മോഷ്ടിക്കുന്ന ബൈക്കുകൾ മറ്റ് ജില്ലകളിലേക്ക് കടത്തി രൂപവും രജിസ്‌ട്രേഷൻ നമ്പരും മാറ്റിയും മാല മോഷണസംഘങ്ങൾക്കും മറ്റും വില്പന നടത്തുന്നതാണ് ഇവരുടെ രീതി. അന്വേഷണത്തിനിടയിൽ മുഖ്യപ്രതിയായ അമീർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയെന്ന് ശംഖുംമുഖം അസി. കമ്മിഷണർ നസീർ.എം.എയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ വലയിലായത്. മോഷണസംഘത്തിലെ മറ്റ് അംഗങ്ങളെ പിടികൂടാനുളള അന്വേഷണം ഊർജ്ജിതമാക്കിയതായി ഡി.സി.പി വൈഭവ് സക്‌സേന അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്.ഒ. രഗീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒ മാരായ ശരത്, സുനിൽ സെബാസ്റ്റ്യൻ, സുനിൽ,ജോസ്, നവീൻ, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡു ചെയ്തു.