
തിരുവനന്തപുരം:എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ട ചിത്രം ഏറക്കുറെ വ്യക്തമായി.സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ ഇടതുമുന്നണി അടർക്കളത്തിൽ ഒരു പടി മുന്നിലെത്തി.സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫും ഏറക്കുറെ നാളെ മുതൽ പ്രചാരണം ശക്തമാക്കും.വൈകാതെ എൻ.ഡി.എയും കളത്തിലിറങ്ങും. 14 മണ്ഡലങ്ങളിൽ 10 സീറ്റിൽ സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ഒാരോ സീറ്റ് വീതം ജെ.ഡി.എസിനും ജനാധിപത്യ കേരളാ കോൺഗ്രസുമാണ് മത്സരിക്കുന്നത്. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അലിയാവൂർ ശിവക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങിയതോടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. യു.ഡി.എഫിൽ 13 സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നാണ് നിഗമനം. ആറ്റിങ്ങൽ മണ്ഡലം ആർ.എസ്.പിക്ക് നൽകി. സി.പി.എമ്മിന്റെ ഏഴു സിറ്റിംഗ് എം.എൽ.എമാർ മത്സരത്തിനുണ്ട്. കോൺഗ്രസിന്റെ മൂന്ന് സിറ്റിംഗ് എം.എൽ.എമാർ മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനംകൂടി വരുമ്പോഴേ പോർക്കളത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.