
ഇരവിപുരം: ഭാര്യയുടെ മരണശേഷം കുട്ടികളെ ഉപേക്ഷിച്ച് മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം വടക്കുംഭാഗം ഇരവിപുരം നഗർ 54 മനു കോട്ടേജിൽ റോബിനാണ് (31) അറസ്റ്റിലായത്.
2020 ഫെബ്രുവരിയിലാണ് ഇയാളെ കാണാതാകുന്നത്. തുടർന്ന് ഇരവിപുരം പൊലീസ് കേസേടുത്ത് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ തിരുവനന്തപുരം അട്ടക്കുളങ്ങരയിലുണ്ടെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി അസി. കമ്മിഷണർ അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ്, സുതൻ, ജയകുമാർ, ഷാജി, എസ്.സി.പി.ഒമാരായ അജയ ശേഖർ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.