തിരുവനന്തപുരം: കടലാക്രമണം ചെറുക്കാൻ കടൽഭിത്തി കെട്ടാമെന്ന അധികൃതരുടെ ഉറപ്പ് നടപ്പാക്കാതെ വന്നതോടെ വലിയതുറയിൽ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ആത്മഹത്യാശ്രമം. പൊലീസ് പിന്തിരിപ്പിച്ച് പുറത്തേക്കെത്തിച്ചതിന് പിന്നാലെ സ്ത്രീകൾ കടൽപ്പാലത്തിന് മുന്നിൽ സത്യാഗ്രഹം നടത്തി. ചർച്ചയ്‌ക്കെത്തിയ തഹസിൽദാരെയും വില്ലേജ് ഓഫീസറെയും തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടുകാർ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല.
വൈകിട്ടോടെ തീരുമാനം ഉണ്ടായതിനെ തുടർന്നാണ് ഇവർക്ക് തിരികെ പോകാനായത്. ഇന്നലെ പുലർച്ചെ ഏഴോടെയാണ് അമ്പതിലധികം മത്സ്യത്തൊഴിലാളി സ്ത്രീകൾ വലിയതുറ കടൽപ്പാലത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് നേരത്തെ അറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്ന വലിയതുറ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശിഖയുടെ നേതൃത്വത്തിലുള്ള വനിതാപൊലീസുകാർ ഇവരെ ബലം പ്രയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത സമരക്കാർ അടച്ചിട്ട കടൽപ്പാലത്തിന്റെ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കടലാക്രമണം ഉണ്ടാകുമ്പോൾ വലിയതുറയിൽ പുലിമുട്ട് സ്ഥാപിക്കാമെന്നും പാറ നിക്ഷേപിച്ച് കടൽ കയറ്റം കുറയ്‌ക്കാമെന്നുമുള്ള ഉറപ്പ് നൽകുന്നതല്ലാതെ ഒന്നും യാഥാർത്ഥ്യമാകാറില്ലെന്നായിരുന്നു ഇവരുടെ ആരോപണം. വലിയതുറ കടൽത്തീരത്ത് നേരത്തെ അഞ്ച് വരികളായാണ് മത്സ്യത്തൊഴിലാളികളുടെ വീടുകൾ ഉണ്ടായിരുന്നത്. ഓരോവർഷവും കടലാക്രമണം വർദ്ധിച്ചതോടെ നാല് വരി വീടുകളും തകർന്നു. അടുത്ത ദിവസങ്ങളിലായി കടലാക്രമണം വർദ്ധിച്ചതോടെ മറ്റുള്ളവർ ആശങ്കയിലാണ്. അടിയന്തരമായി പാറ നിക്ഷേപിച്ച് കടലാക്രമണ സാദ്ധ്യത ഇല്ലാതാക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവനന്തപുരം തഹസിൽദാർ, മുട്ടത്തറ വില്ലേജ് ഓഫീസർ എന്നിവർ ഇടവക വികാരി ആഷ്‌ലിൻ ജോസുമായി ചർച്ച നടത്തി.
വൈകിട്ട് കളക്ടറേറ്റിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ ചർച്ചയെ തുടർന്ന് ജില്ലയിൽ കടലാക്രമണം രൂക്ഷമായ പൊഴിയൂർ, വലിയതുറ മേഖലകളിലും മറ്റു തീരദേശ പ്രദേശങ്ങളിലും കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കളക്ടർ നിർദ്ദേശം നൽകി. കോന്നി മെഡിക്കൽ കോളേജ് പ്രദേശങ്ങളിൽ നിന്നും പാറ എത്തിക്കാനും കടൽഭിത്തി നിർമാണത്തിന് ആർ.ഡി.ഒ അനുമതി നൽകിയ മുഴുവൻ പ്രദേശങ്ങളിലും അടിയന്തരമായി പാറ എത്തിക്കുന്നതിനും ജില്ലാ ജിയോളജിസ്റ്റിനും ഇറിഗേഷൻ വകുപ്പിനും ഹാർബർ എൻജിനീയറിംഗ് വകുപ്പിനും കളക്ടർ നിർദ്ദേശം നൽകി. 13ന് തന്നെ പാറ എത്തിച്ച് കടൽപ്പാലത്തിന്റെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിക്ഷേപിക്കാമെന്ന ഉറപ്പ് രേഖാമൂലം എഴുതി നൽകിയതോടെ വൈകിട്ട് 4ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.