
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കെ, എ.ഐ.സി.സി പ്രവർത്തക സമിതിയിൽ ക്ഷണിതാവായ പി.സി. ചാക്കോയുടെ രാജി നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
കേരളത്തിൽ സ്ഥാനാർത്ഥി നിർണയം ഇത്തവണ വിജയസാദ്ധ്യത മാത്രം നോക്കിയായിരിക്കുമെന്ന് രണ്ടു മാസം മുമ്പേ പറഞ്ഞുതുടങ്ങിയ സംസ്ഥാന കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും, കാര്യത്തോടടുക്കുമ്പോൾ എല്ലാം മറക്കുന്നുവെന്ന പ്രതീതിയുണർത്തിയാണ് ചാക്കോയുടെ രാജി. തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിലുള്ള ഈ കൂറുമാറ്റം കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ ചോദ്യചിഹ്നമാവുകയാണ്. പ്രത്യേകിച്ച്, സ്ഥാനാർത്ഥിമോഹികളുടെ പട തന്നെ പ്രതീക്ഷകളുമായി പുറത്ത് കാത്ത് നിൽക്കുമ്പോൾ.
എല്ലാം ഗ്രൂപ്പ് താത്പര്യങ്ങളിലേക്ക് പതിവുപോലെ വഴിമാറുന്നുവെന്ന മുറുമുറുപ്പുകൾ കോൺഗ്രസ് ക്യാമ്പിൽ ശക്തമാണ്. മൂന്ന് നേതാക്കൾ മാത്രം കൂടിയിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന ആക്ഷേപം പല നേതാക്കളുമുയർത്തുന്നു. ഇന്നലെ രാജി തീരുമാനം പ്രഖ്യാപിച്ച ചാക്കോയും പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രചാരണസമിതിയിലെ 40 പേരുമായി സ്ഥാനാർത്ഥിക്കാര്യങ്ങൾ കൂടിയാലോചിച്ചിട്ടില്ലെന്നാണ്. സ്ഥാനാർത്ഥി സാദ്ധ്യതാ പാനൽ പോലും ആരും കണ്ടിട്ടില്ലെന്നും.
എന്നാൽ, ചാക്കോയുടേത് വ്യക്തിതാത്പര്യങ്ങൾ പരിഗണിക്കപ്പെടാത്തതിലുള്ള അസ്വസ്ഥത മാത്രമാണെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. മൂന്ന് മണ്ഡലങ്ങളിലേക്ക് തന്റെ അനുയായികളുടെ പേരുകൾ ചാക്കോ നിർദ്ദേശിച്ചിരുന്നു. കഴക്കൂട്ടത്തേക്ക് ആറ്റിപ്ര അനിൽ, കാഞ്ഞിരപ്പള്ളിയിലേക്ക് കെ.ആർ. രാജൻ, അമ്പലപ്പുഴയിലേക്ക് ഡി. സുഗതൻ എന്നിവരെ. ഇവരിൽ ഡി. സുഗതനെ ഐ ഗ്രൂപ്പിനും താത്പര്യമുള്ളതിനാൽ പരിഗണിച്ചേക്കാം. മറ്റ് രണ്ട് പേരും തഴയപ്പെടുന്നതിലെ നീരസമാണ് ചാക്കോയ്ക്കെന്നാണ് കോൺഗ്രസിനകത്തെ സംസാരം.
മാത്രമല്ല, ഡൽഹി ചുമതലയുണ്ടായിരുന്ന ചാക്കോ അവിടത്തെ പി.സി.സി നേതൃത്വവുമായുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയായി ഹൈക്കമാൻഡുമായി നല്ല ചേർച്ചയിലല്ലായിരുന്നു. പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനെത്തണമെന്ന് വാദിക്കുന്ന തിരുത്തൽവാദ ഗ്രൂപ്പായ ജി-23 ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തുന്നയാളുമാണ്. അതിനാൽ, ചാക്കോയുടെ പോക്ക് സ്വാഭാവിക സംഭവവികാസമായി വിലയിരുത്തുകയാണ് നേതൃത്വം. എങ്കിലും തിരഞ്ഞെടുപ്പ് വേളയിലെ രാജി ഒഴിവാക്കുന്നതിന് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം നേതൃത്വം നടത്തിക്കൂടായ്കയില്ല.