pozhiyoor

പാറശാല: പൊഴിയൂർ മേഖലയിലുണ്ടായ കടൽക്ഷോഭത്തിൽ കൊല്ലങ്കോട്, പൊയ്പ്പള്ളിവിളാകം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മൂന്ന് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. തമിഴ്‌നാട് അതിർത്തിക്ക് സമീപത്തെ അനധികൃത പുലിമുട്ട് നിർമ്മാണത്തെ തുടർന്നാണ് കടൽക്ഷോഭം ശക്തമായത്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ തീരത്തുള്ള മറ്റ് കുടുംബങ്ങളിൽ അഭയം തേടി. സ്ഥലത്തെത്തിയ നെയ്യാറ്റിൻകര തഹസീൽദാർ അൻസർ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വീടുകളിൽ തുടരുകയാണ്. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനനും സംഘവും ഇവർക്ക് ഭക്ഷണവും മറ്റ് സഹായവും ഉറപ്പാക്കി. ഇന്ന് കളക്ടറെ നേരിൽക്കണ്ട് അടിയന്തര സഹായം ലഭ്യമാക്കാമെന്ന് പ്രസിഡന്റ് ഉറപ്പുനൽകി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്‌ത വീടുകൾ പൂർണമായും ലഭിച്ചില്ലെന്നാണ് പരാതി.