
കുളത്തൂർ: കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളിലെ സ്വീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലൂടെയുള്ള പ്രവർത്തനങ്ങൾക്ക് ഇനിയും വേഗം വന്നിട്ടില്ല. ഐ.ടി മേഖല ഉൾപ്പെടെ നഗരത്തിലെ ഗാർഹിക സ്വീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്ന പദ്ധതിയാണ് കരാറുകാരുടെ മെല്ലെപ്പോക്കിൽ എങ്ങുമെത്താതെയായത്. 2019ലാണ് പദ്ധതി സജീവമായെങ്കിലും നടത്തിപ്പിലെ മെല്ലെപ്പോക്കും എച്ച്.ഡി.ഡി സംവിധാനത്തിൽ പൈപ്പിടൽ ജോലികൾക്ക് പ്രതീക്ഷിച്ച വേഗത ഉണ്ടാകാത്തതുമാണ് പദ്ധതി അനന്തമായി നീളാൻ കാരണം.
2020 മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. ജൻറം പദ്ധതിയിൽപ്പെടുത്തി സ്വീവേജ് ലൈൻ സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തെങ്കിലും വിവിധ മേഖലകളിലെ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് പദ്ധതി നടപ്പാക്കാനായില്ല. കഴക്കൂട്ടത്ത് നിന്ന് തെറ്റിയാർ തോടിന് സമാന്തരമായി 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പൈപ്പിടൽ പദ്ധതി ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാൽ ചിലയിടങ്ങളിൽ അലൈൻമെന്റിൽ പിന്നീട് മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഇപ്പോൾ മുട്ടത്തറ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന്റെയും മാൻഹോളുകളുടെയും പണികളാണ് നടക്കുന്നത്. ഓരോ 2.5 കിലോമീറ്ററിലും ഒരു മാൻഹോൾ വച്ച് ആകെ 104 മാൻഹോളുകൾ പദ്ധതിയുടെ ഭാഗമായി മാറും. ഒരുവാതിൽകോട്ടയിലും ആക്കുളത്തും അനുബന്ധജോലികൾ അവസാന ഘട്ടത്തിലാണ്.
പദ്ധതിചെലവ്
അരശുംമൂട് - കരിമണൽ 21.82 കോടി
കുഴിവിള -ആക്കുളം 15.08 കോടി
ടെക്നോപാർക്ക് 9.80 കോടി
പുലയനാർ- മുട്ടത്തറ 49.96 കോടി
മെഡിക്കൽ കോളേജ് ആശുപത്രിക്ക് 19.16 കോടി
പദ്ധതിയുടെ നേട്ടങ്ങൾ
-----------------------------------------------
കഴക്കൂട്ടത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം
കക്കൂസ് മാലിന്യം തുറന്നുവിടുന്നെന്ന പരാതി കുറയും
തെറ്റിയാറിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാൻ കഴിയും
ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തടയാം
വഴിയരികിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാം
പമ്പിംഗ് സ്റ്റേഷനുകൾ
-----------------------------------
കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ,
മെഡിക്കൽ കോളേജ്, കരിക്കകം, ശാന്തിനഗർ എന്നിവിടങ്ങളിൽ