
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിന് അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന രണ്ടുപേരെ പോത്തൻകോട് പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശിവകുമാർ, റാഫി എന്നിവരാണ് പിടിയിലായത്. ലോക്ക് ഡൗൺ സമയത്തായിരുന്നു സംഭവം. കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാൻ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂർകോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ നഴ്സുമാരുടെ റൂമിനുള്ളിൽ കയറിയ ഇവർ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിസ്പോസിബിൾ സിറിഞ്ച് പെട്ടിസഹിതം കവർച്ച ചെയ്യുകയായിരുന്നു. ഇത് തടഞ്ഞ ഡ്യൂട്ടി നഴ്സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ആശുപത്രി ജീവനക്കാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് പ്രതികളെ മനസിലാക്കിയത്. സംഭവശേഷം ഒളിവിവലായിരുന്ന ഇരുവരെയും കൊല്ലത്തെ രഹസ്യതാവളത്തിൽ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ അണ്ടൂർകോണത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.