
കോട്ടയം: രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മുതുകാട്ടിൽ രാജനെ (56) കൊലപ്പെടുത്തിയത് കാപ്പിവടിക്ക് അടിച്ച്. രാജന്റെ സഹോദരനും രണ്ട് ബന്ധുക്കളും അറസ്റ്റിൽ. ഞണ്ടുകല്ലിലെ വീട്ടിൽ ഞായറാഴ്ച പാതിരാത്രിയോടെയാണ് കൊലപാതകം നടന്നത്.
സഹോദരൻ ജോസ് (49), ബന്ധു ലിജോ ജോസഫ് (29), ജോസിന്റെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ കോതമംഗലത്തെ വീട്ടിൽ നിന്ന് ഞണ്ടുകല്ലിലെത്തിയ രാജൻ തന്റെ വീട്ടിൽ ജോസിനും ലിജോയ്ക്കുമൊപ്പം മദ്യപിച്ചു. 2011ൽ ജോസും ലിജോയും ചേർന്ന് രാജനെയും ഭാര്യയെും ആക്രമിച്ച കേസ് നിലവിലുണ്ട്. ഇതുസംബന്ധിച്ചുള്ള നടപടികൾ തുടരുകയാണ്. ഈ കേസ് പിൻവലിക്കാൻ രാജൻ തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് രാജനും ജോസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും രാജനെ മർദ്ദിക്കുകയും ചെയ്തു.
ഇതിനുശേഷം ലിജോയും ജോസിന്റെ മകനും കൂടി വീണ്ടും മദ്യപിച്ചു. അതിനിടെ രാവിലെ മർദ്ദിച്ചതിനെ ചൊല്ലി രാജനും പ്രതികളും തമ്മിൽ വീണ്ടും വഴക്കുണ്ടാക്കി. രാജന്റെ വീട്ടിലെത്തിയ പ്രതികൾ രാജനെ മർദ്ദിച്ചു. കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് രാജന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം പ്രതി ലിജോയാണ് രാജൻ മരിച്ചു കിടക്കുന്നതായി പൊലീസിൽ അറിയിച്ചത്. ആരൊക്കെയോ ചേർന്ന് രാജനെ മർദ്ദിച്ചെന്നാണ് ഇവർ ആദ്യം പൊലീസിൽ പറഞ്ഞത്. മൂന്നുപേരെയും പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. അടിക്കാൻ ഉപയോഗിച്ച വടിയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലാക്കി.
1987ൽ വ്യത്യസ്തമായ സംഭവത്തിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ 15 വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ് രാജൻ.
രാജനെ ആരോ മർദ്ദിച്ചെന്ന് രാത്രി പത്തോടെ ഇവർ രാജന്റെ ഭാര്യയെ അറിയിച്ചിരുന്നു. രാജനെ ആശുപത്രിയിലെത്തിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു. പാലാ ഡിവൈ.എസ്. പി.പ്രഫുല്ലചന്ദ്രൻ, ഈരാറ്റുപേട്ട എസ്.എച്ച്. ഒ.എസ്.എം. പ്രദീപ്കുമാർ, എസ്.ഐമാരായ വി.ബി.അനസ്, ഷാബുമോൻ, എ.എസ്.ഐ. ജയരാജ്, നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ആർ. ജിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രാജന്റെ സംസ്കാരം നടത്തി.