
ആലക്കോട്: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ഇത്തവണ ചില പ്രത്യേകതകളുണ്ട്. ഗോദയിൽ ഏറ്റുമുട്ടുന്ന മുന്നണി സ്ഥാനാർത്ഥികളായ സജി കുറ്റിയാനിമറ്റവും അഡ്വ. സോണി സെബാസ്റ്റ്യനും നടുവിൽ പഞ്ചായത്തിലെ കരുവൻചാലിനടുത്തുള്ള വെള്ളാട് സ്വദേശികളാണ്. ആറുമാസം മുമ്പുവരെ യു.ഡി.എഫിന് വേണ്ടി വിയർപ്പ് ഒഴുക്കിയവരാണ് പരസ്പരം കൊമ്പ് കോർക്കുന്നത്.
ഒരു കിലോമീറ്റർ ദൂരത്തിലാണ് രണ്ട് പേരുടെയും വീടുകൾ. മാണി വിഭാഗം ഇടതുപക്ഷത്തേയ്ക്ക് കളം മാറ്റി ചവിട്ടിയതോടെയാണ് സജി കുറ്റിയാനിമറ്റം സ്ഥാനാർത്ഥിയായത്. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറിൽ ഇടതിന്റെ വിജയക്കൊടി പാറിക്കാനാണ് സജിയുടെ ദൗത്യം.
തുടർച്ചയായി എട്ടു തവണ കോൺഗ്രസിലെ കെ.സി. ജോസഫ് മത്സരിച്ച് വിജയിച്ച ഈ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾക്ക് എൽ.ഡി.എഫ് രൂപം കൊടുക്കുമ്പോൾ തന്നെ സ്ഥാനാർഥി സജി കുറ്റിയാനിമറ്റം ആണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയോര പഞ്ചായത്തുകളായ ഉദയഗിരി, ആലക്കോട്, നടുവിൽ, പയ്യാവൂർ എന്നിവിടങ്ങളിലെ എൽ.ഡി.എഫിന്റെ മുന്നേറ്റത്തിന് പ്രധാന കാരണം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുതരംഗം ആവർത്തിക്കണമെങ്കിൽ മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥിയെ മത്സരിപ്പിക്കുകയാണ് വഴിയെന്ന് തിരിച്ചറിഞ്ഞ ഇടതുമുന്നണി സീറ്റ് വിട്ടുനൽകിയതോടെ സജി കുറ്റിയാനിമറ്റത്തിന് നറുക്കുവീഴുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച് ഇരിക്കൂറിന്റെ മുക്കും മൂലയും പരിചയമുള്ളയാളാണ് സജിയെന്നതും എൽ.ഡി.എഫിന് നേട്ടമാണ്. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, കേരളാ കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചയാളാണ്. വിപുലമായ സുഹൃത്ത് വലയമുള്ള സജിക്ക് വിജയം ഉറപ്പാണെന്ന് ഇടതു മുന്നണി പ്രവർത്തകർ കരുതുന്നു.
കെ.സി. ജോസഫ് ഇരിക്കൂറിൽ കളമൊഴിഞ്ഞതോടെ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സോണി സെബാസ്റ്റ്യൻ ആയിരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നതിനപ്പുറം കെ.സി. ജോസഫിന്റെ വലംകൈ ആയി പ്രവർത്തിച്ചുവന്ന സോണി സെബാസ്റ്റ്യന് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രത്യേകം പഠിക്കേണ്ടതില്ല. കേരള കാർഷിക സർവകലാശാല സെനറ്റ് അംഗം, ആലക്കോട് അഗ്രിക്കൾച്ചറൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, നടുവിൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചുവരുന്ന സോണി സെബാസ്റ്റ്യൻ അഭിഭാഷകനായി തളിപ്പറമ്പ് കോടതിയിൽ പ്രവർത്തിച്ചുവരുന്നയാളാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ ഗ്രൂപ്പ് തർക്കങ്ങൾ മലയോരത്ത് യു.ഡി.എഫിന് തിരിച്ചടിയായതിന്റെ ക്ഷീണം തീർക്കുന്നതിനും മുന്നിട്ടിറങ്ങിയത് സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു. ഇരിക്കൂറിന്റെ പ്രതിനിധിയായി നിയമസഭയിലെത്താൻ ഏറ്റവും അനുയോജ്യനായ നേതാവാണ് സോണി സെബാസ്റ്റ്യൻ എന്ന് യു.ഡി.എഫ് നേതൃത്വം അംഗീകരിച്ചതോടെ ഇറക്കുമതി സ്ഥാനാർഥികളില്ലാതെ ഇരുമുന്നണികൾക്കും അനുയോജ്യരായ സ്ഥാനാർഥികളെ രംഗത്തിറക്കാൻ കഴിഞ്ഞത് നേട്ടമായിട്ടുണ്ട്. തുല്യ ജയസാദ്ധ്യതയുള്ള സ്ഥാനാർഥികളെ ഇരുമുന്നണികളും പ്രഖ്യാപിച്ചതോടെ ഇരിക്കൂറിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാകും ഇത്തവണ നടക്കുക എന്നത് നിസംശയം പറയാം. ഇരിക്കൂറിൽ ഇരു മുന്നണികൾക്കും സ്ഥാനാർഥികൾ നടുവിൽ പഞ്ചായത്തിൽ നിന്നായിരിക്കുമെന്ന് കേരളകൗമുദി ഫ്ലാഷ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.