ramesh

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും കാസർകോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ആയ കെ.ആർ. ജയാനന്ദയെ വീണ്ടും തഴഞ്ഞു. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എം.സി. ഖമറുദ്ദീന് എതിരെ മത്സരിച്ചു പരാജയപ്പെട്ട എം. ശങ്കർ റായിയെ വീണ്ടും പരിഗണിച്ചെങ്കിലും ഒടുവിൽ സമവായ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റി അംഗവും മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായിരുന്ന വി.വി. രമേശനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാനാണ് തീരുമാനം.

ബുധനാഴ്ച വൈകിട്ട് ചേർന്ന സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശങ്കർ റായിയെ മത്സരിപ്പിക്കുന്നതിന് ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരം സീറ്റ് പാർട്ടി ലീഗിന് വിറ്റു എന്നാണ് മുതിർന്ന സി.പി.എം ഭാരവാഹി പ്രതികരിച്ചത്. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കുമെന്ന പ്രഖ്യാപിച്ച് ഇത് മൂന്നാം തവണയാണ് കെ.ആർ. ജയാനന്ദയെ അവസാന നിമിഷം വെട്ടി മാറ്റുന്നത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും അവസാന നിമിഷം വരെ പറഞ്ഞുകേട്ടിരുന്നു പേര് ജയാനന്ദയുടെ പേരായിരുന്നു. സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാൻ വ്യാഴാഴ്ച മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി യോഗം ചേർന്നിരുന്നു. യോഗത്തിലാണ് കാര്യങ്ങൾ മാറി മറിഞ്ഞ് രമേശനിലേക്ക് എത്തിയത്. പിന്നാക്ക സമുദായ അംഗം കൂടിയായ കെ.ആർ. ജയാനന്ദക്ക് മഞ്ചേശ്വരം മണ്ഡലത്തിൽ ജയസാദ്ധ്യത കൂടി ഉണ്ടായിരുന്നു.

ആ സാദ്ധ്യതകളാണ് പോസ്റ്റർ പ്രചരണം നടത്തി സി.പി.എം പ്രവർത്തകർ അട്ടിമറിച്ചത്. പിന്നാക്ക വിഭാഗത്തിന് മാത്രമായി മണ്ഡലത്തിൽ 42,000 വോട്ടുകൾ ഉണ്ട്. ഈ വോട്ടുകളിൽ അധികവും മഞ്ചേശ്വരത്ത് ജയാനന്ദക്ക് ലഭിക്കും. 2016 ൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ ഈ പിന്നാക്ക വോട്ടുകൾ എല്ലാം സുരേന്ദ്രന് അനുകൂലമായി ലഭിച്ചിരുന്നു. വെറും 89 വോട്ടിന് മാത്രം കെ. സുരേന്ദ്രൻ പരാജയപ്പെടാൻ ഉണ്ടായ സാഹചര്യത്തിൽ എത്തിച്ചത് പിന്നാക്ക സമുദായ വോട്ടാണ്.

2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ മുഴുവൻ യു.ഡി.എഫിന് ആണ് ലഭിച്ചത്. അതിനാൽ ആരാണ് എം..സി ഖമറുദ്ദീന് ഭൂരിപക്ഷം 8000 വോട്ടിന് അടുത്തു എത്തിയത്. ശങ്കർ റായിക്ക് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് ഇതുവരെ ലഭിച്ചതിൽ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രൻ നേടിയ വോട്ട് അടുത്തുപോലും എത്താൻ ശങ്കർ റായിക്കു സാധിച്ചിരുന്നില്ല. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നതിൽ ഏറ്റവും കുറഞ്ഞ വോട്ട് നേടിയ സ്ഥാനാർത്ഥിയും ശങ്കർ റായി തന്നെയായിരുന്നു. ഈ വസ്തുത അറിയാമെങ്കിലും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് ജയാനന്ദയോടുള്ള അതൃപ്തിയാണ് സ്ഥാനാർത്ഥി നിർണയത്തിൽ കാണിക്കുന്നത് എന്നാണ് ആക്ഷേപം.