swethaaaaaaaaaa

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോൻ. മോഡലിംഗിൽ നിന്നുമാണ് ശ്വേതയുടെയും വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം (1991) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത സിനിമയിലെത്തിയത്. ശ്വേതയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. ശ്വേത തന്റെ അമ്മയുടെ കൈയിലും അച്ഛന്റെ കൈയിലും ഇരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. വെൽക്കം ടു കൊടൈക്കനാൽ, നക്ഷത്രക്കൂടാരം, കൗശലം എന്നീ മലയാളസിനിമകളിൽ​ അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ബോളിവുഡിലേക്കാണ് ശ്വേത പോയത്. ‘ഇഷ്ക്’ ആയിരുന്നു ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. നാൽപ്പതിനടുത്ത് ഹിന്ദി ചിത്രങ്ങളിൽ ശ്വേത അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ ചിത്രങ്ങളിലും ശ്വേത തന്റെ സാന്നിദ്ധ്യം അറിയിച്ചു. 1994ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും ശ്വേത കരസ്ഥമാക്കിയിരുന്നു. 2006ൽ ‘കീർത്തിചക്ര’ എന്ന ചിത്രത്തോടെയാണ് ശ്വേത വീണ്ടും മലയാളസിനിമയിൽ സജീവമാകുന്നത്. പകൽ, തന്ത്ര, രാക്കിളിപ്പാട്ട്, പരദേശി, റോക്ക് ആൻഡ് റോൾ, ലാപ്ടോപ്പ്, മദ്ധ്യവേനൽ, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കേരള കഫേ, പോക്കിരിരാജ, സിറ്റി ഓഫ് ഗോഡ്, രതിനിർവേദം, സാൾട്ട് ആൻഡ് പെപ്പർ, ഉന്നം, തത്സമയം ഒരു പെൺകുട്ടി, ഒഴിമുറി, ഇവൻ മേഘരൂപൻ, മുംബൈ പൊലീസ്, കളിമണ്ണ്, ചേട്ടായീസ്, കമ്മാരസംഭവം എന്നിങ്ങനെ രണ്ടാം വരവിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് സാധിച്ചു. പാലേരിമാണിക്യം, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ശ്വേത നേടി. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാകുന്ന ശ്വേതയെ ആണ് മലയാളികൾ പിന്നെ കണ്ടത്. നിരവധി ടിവി ഷോകളുടെ അവതാരകയായി ശ്വേത തിളങ്ങി. നടൻ ബോബി ഭോൻസലെയിൽ നിന്നും വിവാഹമോചനം നേടിയ ശ്വേത 2011 ജൂൺ 18നാണ് തൃശൂർ സ്വദേശിയും മുംബൈയിൽ ബിസിനസുകാരനുമായ ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് സബൈന എന്നൊരു മകളാണുള്ളത്. ഏറെ ബോൾഡായ ശ്വേതയുടെ ചില ചിത്രങ്ങൾ വിവാദങ്ങൾക്കും കാരണമായിരുന്നു. കാമസൂത്രയുടെ ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ ശ്വേത അഭിനയിച്ചത് വിവാദമായി. അതുപോലെ ബ്ലെസി ചിത്രം ‘കളിമണ്ണ്’ ചിത്രവും വിവാദങ്ങളുണ്ടാക്കി. ഗർഭിണിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്വേതയുടെ ഗർഭകാലവും പ്രസവവും എല്ലാം അതുപോലെ ചിത്രീകരിച്ചതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.