c

തിരുവനന്തപുരം:ജില്ലയിൽ സ്ഥാനാർത്ഥി നിർണയം തർക്കങ്ങൾക്ക് ഇട നൽകാതെ പൂർത്തിയാക്കിയ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമിട്ട് പ്രചാരണത്തിൽ മേൽക്കൈ നേടി. വി.കെ.പ്രശാന്ത് മത്സരിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലും സി.കെ.ഹരീന്ദ്രൻ മത്സരിക്കുന്ന പാറശാല മണ്ഡലത്തിലും ഇന്നലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു.വട്ടിയൂർക്കാവിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പാറശാലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തത്.

സി.പി.എം സ്ഥാനാർത്ഥികളിൽ ഏഴുപേർ നിലവിൽ എം.എൽ.എമാരാണ്. നേമത്ത് മത്സരിക്കുന്ന വി.ശിവൻകുട്ടി 2011-ൽ ഇതേ മണ്ഡലത്തിലെ എം.എൽ.എയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കുന്ന ഒ.എസ്.അംബികയും അരുവിക്കരയിൽ മത്സരിക്കുന്ന ജി.സ്റ്റീഫനുമാണ് സി.പി.എം നിരയിൽ മത്സരിക്കുന്ന പുതുമുഖങ്ങൾ.

1996-ൽ ജയിച്ച ആന്റണി രാജു തിരുവനന്തപുരം മണ്ഡലത്തിലും ഒരു ഇടവേളയ്ക്ക് ശേഷം അങ്കത്തിനിറങ്ങുന്ന നീലലോഹിത ദാസൻ നാടാർ (ജനതാദൾ -എസ്) കോവളത്തും മത്സരിക്കുന്നു.ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ കഴിഞ്ഞ അഞ്ചു വർഷം പ്രവർത്തിച്ച വി.ശശിയാണ് (ചിറയിൻകീഴ്) മറ്റൊരു സ്ഥാനാർത്ഥി.നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐ രംഗത്തിറക്കിയിട്ടുള്ള ജി.ആർ.അനിലാണ് പുതുമുഖങ്ങളിലൊരാൾ.

തിരഞ്ഞെടുപ്പ് കൺവെൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തില്ലെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് സമ്മതിദായകർക്കിടയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. കഴക്കൂട്ടം,കാട്ടാക്കട,നേമം മണ്ഡലങ്ങളിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ചുവരെഴുത്തു തുടങ്ങിയിരുന്നു.