
തിരുവനന്തപുരം: ജസ്‌ന മരിയ തിരോധാനക്കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ സാദ്ധ്യത തള്ളിക്കളയാതെയാണ് സി.ബി.ഐയുടെ എഫ്.ഐ.ആർ. പ്രത്യേക കോടതി മുമ്പാകെ സി.ബി.ഐ തിരുവനന്തപുരം മേധാവി നന്ദകുമാർ നായരാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമടക്കം അന്വേഷിച്ച് തുമ്പൊന്നും ലഭിക്കാതിരുന്ന കേസാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സി.ബി.ഐ ഏറ്റെടുത്തത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, ജസ്‌നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ് എന്നിവരുടെ ഹർജി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. അടുത്ത ആഴ്ച ജസ്നയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തും.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജെയിംസിനെ (20) കാണാതാകുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി.ജി.പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പലയിടത്തും ജസ്നയെ കണ്ടതായി പ്രചാരണങ്ങൾ ഉണ്ടായെങ്കിലും അതൊന്നും സത്യമല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.