
കല്ലമ്പലം: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നും യഥേഷ്ടം നീരുറവകളുമുള്ള നാടായ നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ തുള്ളി വെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്നു. കടുത്ത വേനലിൽ പോലും വെള്ളം വറ്റാത്ത നിരവധി നീരുറവകൾ മാലിന്യം മൂടി കിടക്കുമ്പോഴാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇവ സംരക്ഷിക്കാൻ മാറിമാറി വന്ന പഞ്ചായത്ത് ഭരണ സമിതികളുടെ ഭാഗത്തുനിന്ന് ശ്രമമൊന്നുമുണ്ടായിട്ടില്ല. ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലുള്ളവർ കുടിക്കാൻ വെള്ളം തേടി മറ്റിടങ്ങളിലേക്ക് പോകേണ്ട ദുരവസ്ഥയാണ്. കുളങ്ങൾ, നീരുറവകൾ എന്നിവയുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി പദ്ധതികളും ഫണ്ടും യഥേഷ്ടം ഉണ്ടെങ്കിലും എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.
സംരക്ഷണമില്ലാതെ മാലിന്യം നിറഞ്ഞ് കാടുകയറി നശിച്ച നിലയിലാണ് നാവായിക്കുളം പഞ്ചായത്തിലെ ഭൂരിഭാഗം കുളങ്ങളും. പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും മുഴുവൻ ആവശ്യവും നിറവേറ്റാനുള്ള ജലം നാവായിക്കുളത്തെ കുളങ്ങളിൽ തന്നെയുണ്ട്.
നാവായിക്കുളം പഞ്ചായത്തിലെ ജല വിതരണം കുറ്റമറ്റതാക്കണമെന്നും നാട്ടുകാർ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കുകളിലെത്തിച്ച് വെള്ളം വിതരണം ചെയ്തും നീരുറവകളും കുളങ്ങളും സംരക്ഷിച്ചും പരിഹാരം കാണണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്
കപ്പാംവിള, കുടവൂർ, ചാവർകോട്, പറകുന്ന്, അമ്മാംകോണം, കാഞ്ഞിരംവിള, പൈവേലിക്കോണം, ആലുംകുന്ന്, ഡീസന്റ്മുക്ക്, കോട്ടറക്കോണം കരവായിക്കോണം, സ്വാമിയാർകുന്ന്, മരുതികുന്ന്, കാരയ്ക്കാകുന്ന്, പാറമുകൾ
മാലിന്യം മൂടി
കടുത്ത വേനലിലും വറ്റാത്ത കപ്പാംവിളയിലെ മാടൻകാവ് കുളം, നാവായിക്കുളത്തെ വലിയ കുളം, ഐറ്റിൻചിറ, കുടവൂരിലെ വേടൻകുളം എന്നിവ
പൈപ്പ് വെള്ളവുമില്ല
പൈപ്പ് ലൈനുകളിൽ ജല വിതരണം സാധാരണ നിലയിലായിട്ട് മാസങ്ങൾ കഴിഞ്ഞു. വല്ലപ്പോഴുമാണ് പൈപ്പ് ലൈനിലൂടെ വെള്ളം വരുന്നത്. ഇതിനായി വേഴാമ്പലിനെ പോലെയാണ് നാട്ടുകാരുടെ കാത്തിരിപ്പ്. ചില സന്ദർഭങ്ങളിൽ പുലർച്ചെ രണ്ടിനും മൂന്നിനുമൊക്കെയാണ് പൈപ്പിലൂടെ ജലവിതരണമുള്ളത്. എന്നാൽ ഇത് നാട്ടുകാർക്ക് ഉപയോഗപ്രദമാകുന്നില്ല.