
തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് തുടങ്ങാനിരിക്കെ, സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള അസ്വസ്ഥതകൾ ഇടതുമുന്നണിയെ വിട്ടൊഴിയുന്നില്ല. അതേസമയം, തർക്കത്തിലായിരുന്ന മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. രമേശനെ ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ 84 സീറ്റുകളിൽ സ്ഥാനാർത്ഥികളായി. ശേഷിക്കുന്ന ദേവികുളത്ത് ഇന്നു തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ചേക്കും. അവിടെ കോൺഗ്രസ് തീരുമാനം എന്താകുമെന്നും നോക്കുന്നു.
സ്ഥാനാർത്ഥി പട്ടിക ഒറ്റപ്പേരിലേക്ക് ചുരുക്കുന്നതിൽ കോൺഗ്രസ് പൂർണമായും വിജയിച്ചിട്ടില്ല. സീറ്റ് വിഭജനത്തിൽ ചില്ലറ പ്രശ്നങ്ങൾ യു.ഡി.എഫിൽ പരിഹരിക്കാനുണ്ട്. . ഇന്ന് ഉച്ചയോടെയെങ്കിലും ഒറ്റപ്പേരിലേക്ക് ചുരുക്കി വൈകിട്ട് അന്തിമ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് ശ്രമം.അതേസമയം, നേമത്ത് ഏത് അതികായൻ എത്തുമെന്ന ചോദ്യം കോൺഗ്രസിൽ ആകാംക്ഷ ഉണർത്തുന്നു. ഉമ്മൻചാണ്ടി തൊട്ട് കെ. മുരളീധരൻ വരെ ചർച്ചകളിൽ നിറയുന്നുണ്ട്.കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം സി.പി.എമ്മിനെ വെട്ടിലാക്കിയെങ്കിൽ കാഞ്ഞങ്ങാട്ട് മന്ത്രി ഇ. ചന്ദ്രശേഖരനെതിരായ അപ്രതീക്ഷിത കലാപം സി.പി.ഐക്കും തലവേദനയായി. ഒഴിച്ചിട്ട നാല് സീറ്റിൽ ചടയമംഗലത്തേക്ക് പരിഗണിച്ച ജെ. ചിഞ്ചുറാണിക്കെതിരെ പ്രാദേശിക പ്രതിഷേധമുയർന്നതും സി.പി.ഐയെ വലയ്ക്കുന്നു. ഹരിപ്പാട്ടും പറവൂരിലും മികവുറ്റ സ്ഥാനാർത്ഥികളെ ഉടൻ കണ്ടെത്തി സെന്ററിന് കൈമാറാനാണ് സി.പി.ഐ നേതൃത്വം ജില്ലാഘടകങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. നാട്ടികയിൽ ഗീതാ ഗോപി പറ്റില്ലെങ്കിൽ അതേ നിലയിലുള്ള സ്ഥാനാർത്ഥിയെ നിർദ്ദേശിക്കണം. ഇന്ന് തന്നെ അന്തിമപട്ടിക പ്രഖ്യാപിക്കാനാണ് ശ്രമം.
കുറ്റ്യാടി ജോസ് തീരുമാനിക്കും പോലെ
കുറ്റ്യാടി കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്തതിനെതിരെ അവിടത്തെ സി.പി.എമ്മിൽ ഉയർന്ന കലാപം നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസത്തെ കൂറ്റൻ പ്രകടനം കേരള കോൺഗ്രസ് നേതൃത്വത്തെയും ഇരുത്തിച്ചിന്തിപ്പിച്ചു. കുറ്റ്യാടി കലാപം സമീപമണ്ഡലങ്ങളായ നാദാപുരം, വടകര, പേരാമ്പ്ര എന്നിവിടങ്ങളിലും സ്വാധീനം ചെലുത്തുമോയെന്നും ആശങ്കയുണ്ട്. നാദാപുരത്ത് സി.പി.ഐയും വടകരയിൽ എൽ.ജെ.ഡിയുമാണ് മത്സരിക്കുന്നത്. അവർക്കും ആശങ്കയുണ്ട്.
ഘടകകക്ഷിക്ക് വിട്ടുകൊടുത്ത സീറ്റ് സി.പി.എം അങ്ങോട്ട് ആവശ്യപ്പെട്ട് തിരിച്ചെടുക്കില്ലെന്നാണ് സൂചന. അത് മുന്നണിമര്യാദയല്ല. കേരള കോൺഗ്രസ് സ്വയം തിരിച്ചുനൽകാൻ തീരുമാനിച്ചാലേ പുനരാലോചനയുണ്ടാവൂ. ഇന്ന് അവരുമായി സി.പി.എം ചർച്ച നടത്തിയേക്കും. കുറ്റ്യാടി ഒഴിച്ചിട്ട് 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് കേരള കോൺഗ്രസ്-എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
അതേസമയം, ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീമിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന കുന്നുമ്മൽ, വടകര ഏരിയാകമ്മിറ്റി യോഗങ്ങളിൽ കുറ്റ്യാടി വിഷയം പുനഃപരിശോധിക്കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. മുന്നണി തീരുമാനം അംഗീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാർത്ഥികൾ നാളെ
ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികയുമായി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്ന് ഡൽഹിക്ക് തിരിക്കും.നാളെ ഔദ്യോഗിക പ്രഖ്യാപനമായേക്കും. ചില മണ്ഡലങ്ങളിൽ പേരുകളിൽ വ്യക്തത വരാനുണ്ട്.