വിതുര: അഞ്ച് വയസുള്ള പിടിയാനയെ വനത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ വിതുര ബോണക്കാട് ജഴ്സിഫാം റൂട്ടിൽ കാണിത്തടം ചെക്ക് പോസ്റ്റിന് സമീപം എട്ടാംകല്ല് വനത്തിലാണ് ആനക്കുട്ടിയെ കണ്ടത്. ഇന്നലെ രാവിലെ വിതുര ഫോറസ്റ്റ് സെക്ഷനിലെ വാച്ചർമാരാണ് ജഡം കണ്ടത്. ഒരാഴ്ച മുൻപാണ് ആനക്കുട്ടി ചരിഞ്ഞതെന്ന് വനപലകർ പറയുന്നു. അഴുകി തുടങ്ങിയിരുന്നു. എട്ടാംകല്ല് മേഖല കാട്ടാനശല്യം കൂടുതലുള്ള സ്ഥലമാണ്. പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതർ മേൽനടപടികൾ സ്വീകരിച്ചു. അസുഖം മൂലം ചരിഞ്ഞതാണെന്ന് പറയുന്നു. പോസ്റ്റ്മോർട്ടം നടത്തിയശേഷം വനത്തിൽ സംസ്കരിച്ചു. മുൻപ് ഇതിന് സമീപം കാട്ടാന ഷോക്കേറ്റ് ചരിഞ്ഞിരുന്നു.