
കൊവിഡ് വ്യാപനത്തെ തുടർന്ന് പത്തുമാസമായി അടഞ്ഞുകിടന്ന തിയേറ്ററുകളിൽ വീണ്ടും ആൾത്തിരക്കിന്റെ ഉത്സവമേളം. തിയേറ്ററുകളിൽ പ്രദർശനം പുനരാരംഭിച്ചിട്ട് രണ്ട് മാസമായെങ്കിലും പ്രേക്ഷകർ ആഘോഷമാക്കിയ ഒരു മലയാള സിനിമയും പ്രദർശനത്തിനെത്തിയിരുന്നില്ല. രണ്ട് മാസത്തിനുള്ളിൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ ഒാപ്പറേഷൻ ജാവ മാത്രമാണ് വിജയം നേടിയത്.
തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു സൂപ്പർ താരചിത്രത്തിനായി കാത്തിരുന്ന സിനിമാ ലോകത്തെയും പ്രേക്ഷകരെയും അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുകയാണ് ദി പ്രീസ്റ്റ്.റിലീസിന്റെ തലേനാൾ മുതൽ ടിക്കറ്റ് ബുക്കിംഗ് കുത്തനെ ഉയർന്നത് തിയേറ്ററുടമകളെയും ആവേശഭരിതരാക്കുന്നുണ്ട്.സെക്കൻഡ് ഷോയ്ക്ക് കൂടി അനുമതി ലഭിച്ച ശേഷം റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നായ ദി പ്രീസ്റ്റിന് റിലീസ് ദിവസത്തെ സെക്കൻഡ് ഷോകളെല്ലാം തലേദിവസം തന്നെ ഫുള്ളായിക്കഴിഞ്ഞിരുന്നു.ഗൾഫ് മേഖലയിലും റെക്കോഡ് തിയേറ്ററുകളിലാണ് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്.ആദ്യ ദിവസത്തെ കളക്ഷനും വരും ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് സ്റ്റാറ്റസും വിലയിരുത്തിയാൽ ഞായറാഴ്ചയ്ക്കുള്ളിൽ ദ പ്രീസ്റ്റ് ലാഭത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ദ പ്രീസ്റ്റ് ഒരു സമ്പൂർണ മിസ്റ്ററി ത്രില്ലറാണ്. ഒരു കുടുംബത്തിൽ നടക്കുന്ന ദുരൂഹ മരണത്തിന്റെ ചുരുളഴിക്കുന്ന ഫാ. ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് ദ പ്രീസ്റ്റിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ആദ്യന്തം പ്രേക്ഷകരെ മുൾമുനയിൽ നിറുത്തുന്ന കന്നി സംവിധായകന്റെ ക്രാഫ്ടിനൊപ്പം മമ്മൂട്ടി മാജിക് കൂടി ചേർന്നപ്പോൾ ദ പ്രീസ്റ്റ് മലയാളി പ്രേക്ഷകർക്ക് കണ്ട് ശീലിച്ച മാതൃകകളിൽനിന്ന് തീർത്തും വേറിട്ട് നിൽക്കുന്ന ഒരനുഭവമായി മാറി.
മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യർ ആദ്യമായഭിനയിക്കുന്ന ചിത്രമെന്നതിനാൽ ആരാധകർക്കൊപ്പം കുടുംബ പ്രേക്ഷകരും ദി പ്രീസ്റ്റിനായി കാത്തിരിക്കുകയായിരുന്നു. നിഖില വിമലും ബേബി മോണിക്കയും സാനിയ ഇയ്യപ്പനും വെങ്കിടേഷുമാണ് ദ പ്രീസ്റ്റിൽ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടുന്ന മറ്റ് താരങ്ങൾ.അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും പ്രശംസയർഹിക്കുന്നുണ്ട്. അഖിൽ ജോർജിന്റെ ഛായാഗ്രഹണവും രാഹുൽ രാജിന്റെ സംഗീതവും ദ പ്രീസ്റ്റിന് ആത്മാവ് നൽകുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല.