
നെടുമങ്ങാട്: ആനാട്ടെ ജൈവ പച്ചക്കറിപ്പാടങ്ങളെ ചുവപ്പണിയിച്ച് ചീരക്കൃഷി ശ്രദ്ധനേടുന്നു. പ്രകൃതിക്കൃഷിയുടെ പ്രചാരണാർത്ഥം കൃഷിഭവൻ ആരംഭിച്ച ചീരക്കൃഷി നാടിനാകെ പുത്തൻ കാഴ്ചയും അനുഭവവുമാവുകയാണ്. വേട്ടമ്പള്ളി, വട്ടറത്തല, ഇരിഞ്ചയം, പെരിങ്ങാവിൽ, കൂപ്പ് തുടങ്ങി ഏലാ പ്രദേശങ്ങളിൽ കൃഷി സജീവമായി. ' വ്ളാത്തങ്കര ചീര' ഇനത്തിൽപ്പെട്ട നാടൻ ചീര വളർച്ചയിലും ഗുണത്തിലും മറ്റ് ചീരകളെക്കാൾ ഏറെ മുന്നിലാണെന്ന് കർഷകർ പറയുന്നു. കൃഷി അസിസ്റ്റന്റുമായ ഷിനുവിൽ നിന്ന് ഒരു കിലോ ഗ്രാം വിത്തുവാങ്ങി 10 കർഷകരാണ് കൃഷി തുടങ്ങിയത്. ഇപ്പോൾ, കർഷകരുടെ എണ്ണം നൂറിലധികമായി. അഞ്ചും പത്തും അമ്പതും സെന്റിലായി കൃഷി നാടെങ്ങും വ്യാപിച്ചു. മാർച്ചിലെ വേനൽ കനിവെന്നാണ് കർഷകർ ഇതിനെ വിലയിരുത്തുന്നത്. വിളവെടുക്കുന്ന ചീര, ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രധാന പാതയോരങ്ങളിൽ ഇക്കോ ഷോപ്പുകൾ സ്ഥാപിച്ചാണ് വിറ്റഴിക്കുന്നത്. ശക്തിപുരം ഷിബു, പുഷ്‌കരപിള്ള എന്നീ കർഷകരാണ് ' വ്ലാത്തങ്കര ചീരയുടെ സ്പെഷ്യലിസ്റ്റുകൾ '. അപ്പുക്കുട്ടൻ നായർ, സുധാകരൻ, മണിയൻ, രാജു, തങ്കരാജ്, ആൽബർട്ട് തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം വേട്ടമ്പള്ളിയിൽ വിളവെടുപ്പ് വലിയ ആഘോഷമായി സംഘടിപ്പിച്ചു. കൃഷി ഓഫീസർ എസ്. ജയകുമാർ വേനൽച്ചീര ഏറ്റുവാങ്ങി. പുതുതായി ചാർജെടുത്ത കൃഷി അസിസ്റ്റന്റ് നിബു ചീര നടീൽ സംബന്ധിച്ച് പരിശീലനം നൽകി.
ചീരപ്പാടങ്ങളിലെ ചേനക്കാര്യം
കുംഭത്തിലെ പൗർണമിയിൽ ചേന നട്ടാൽ ' കുടത്തോളം വലിയ ചേന വിളവെടുക്കാം' എന്ന നാട്ടുചൊല്ലിനെ അർത്ഥവത്താക്കി ചീരപ്പാടങ്ങളിൽ ചേനക്കൃഷിക്കും തുടക്കമായി. ഇടവത്തിലെ മഴയോടെ മുള പൊന്തി പച്ചില ചൂടുന്ന കാഴ്ച കാണാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. ഒരു മുറിചേന നട്ട് ആനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജയും നെടുമങ്ങാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ അലക്‌സാണ്ടറും കർഷകർക്കൊപ്പം കൂടി.
സൗജന്യ വളക്കൂട്ടൊരുക്കി 'ജൈവ അങ്ങാടി '
സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച ഭാരതീയ പ്രകൃതി കൃഷി ഊർജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ വളക്കൂട്ടുകളും മണ്ണിൽ സൂക്ഷ്‌മജീവികളുടെ കലവറയൊരുക്കുന്ന വിവിധതരം അമൃതക്കൂട്ടുകളും ഒരുക്കി ആനാട്ട് ജൈവ അങ്ങാടി പ്രവർത്തനം ആരംഭിച്ചു. നൂറ് ഹെക്ടർ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് ആവശ്യമായ പ്രകൃതിക്കൂട്ടുകൾ സൗജന്യമായി ജൈവ അങ്ങാടിയിൽ നിന്ന് കർഷകർക്ക് വിതരണം ചെയ്യും. കൃഷി ഓഫീസർ എസ്. ജയകുമാറിന്റെ മാർഗ നിർദ്ദേശത്തിൽ കർഷകരായ രാധാകൃഷ്ണൻ, ശക്തിപുരം ഷിബു എന്നിവർ ചേർന്നാണ് വളക്കൂട്ടുകൾ തയ്യാറാക്കിയത്. നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി ജൈവ അങ്ങാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇക്കോ ഷോപ്പ് പ്രസിഡന്റ് ആനാട് ആൽബർട്ട്, ഗോപകുമാർ, സമഗ്ര, കൃഷി അസിസ്റ്റന്റുമാരായ രാജി. എസ്.എസ്, രമ്യ.ടി.എസ്, എസ്. സിമി, മാതൃകാ കർഷകൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.