
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം വിവിധ കക്ഷി നേതാക്കൾ ഏറ്റുപിടിച്ചതോടെ വിവാദമാകുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് 2018 ൽ നടന്ന സംഭവങ്ങളിൽ മന്ത്രിയുടെ ഖേദ പ്രകടനം. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അന്നുണ്ടായത്. അതെല്ലാം അടഞ്ഞ അദ്ധ്യായമാണെന്നും ഇനി അതേക്കുറിച്ച് വിവാദത്തിനില്ലെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും വിമർശനവുമായി രംഗത്തുവന്നു.
ശബരിമലയിൽ നടന്ന സംഭവങ്ങളിൽ എല്ലാവർക്കും വേദനയുണ്ടെന്നും സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളുമായി ആലോചിച്ച ശേഷമേ നടപ്പാക്കൂവെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അത് ഒരു സന്ദേശം തന്നെയാണെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, കടകംപള്ളിയുടെ പ്രസ്താവന ഭക്തരെ കബളിപ്പിക്കാൻ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടകംപള്ളി മാത്രം ദുഃഖമുണ്ടെന്ന് പറയുന്നതിൽ കാര്യമില്ല. ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റായിരുന്നുവെന്നും അതിൽ ഖേദമുണ്ടെന്നും പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവുമോയെന്നും ചെന്നിത്തല ചോദിച്ചു.
പശ്ചാത്തപിച്ചതിൽ കാര്യമില്ല:എൻ.എസ്.എസ്
മന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമലയിൽ യുവതീപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം കാരണമാണ് എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി
വിധിയുണ്ടായത്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ ഏതു മാർഗവും സ്വീകരിച്ച് കോടതിവിധി പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് ആർക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിയുടേത് മുതലക്കണ്ണീർ: കെ. സുരേന്ദ്രൻ
ശബരിമലയിൽ കാണിച്ച ക്രൂരതയ്ക്ക് വിശ്വാസിസമൂഹം കടകംപള്ളി സുരേന്ദ്രന് മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹത്തിന്റേത് മുതലക്കണ്ണീരാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആയിരംവട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പ് ലഭിക്കില്ല. എത്ര കരഞ്ഞാലും ആ പാപക്കറ കഴുകിക്കളയാനാകില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ശബരിമലയിൽ വിശ്വാസികളെ വേട്ടയാടിയത്.
ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഖേദപ്രകടനം
തട്ടിപ്പെന്ന് ശൂരനാട്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം തട്ടിപ്പാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പ്രസ്താവിച്ചു.
ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചയും വനിതാ മതിലിന്റെ നേതൃത്വവും മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ കയറ്റിയതിന് മുഖ്യമന്ത്രിയുടെ വലം കൈയായി പ്രവർത്തിച്ചത് കടകംപള്ളിയാണ്. തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന തിരിച്ചറിവിൽ ഖേദപ്രകടനവുമായെത്തിയത് തട്ടിപ്പാണ്. സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത പി.എസ്.സി ഉദ്യോഗാർത്ഥികൾ മന്ത്രിയെ കാണാൻ ചെന്നപ്പോൾ അവരെ ആശ്വസിപ്പിക്കുന്നതിന് പകരം പത്ത് വർഷം കഴിഞ്ഞാലും റാങ്ക് ലിസ്റ്റിൽ നിന്ന് ജോലി കിട്ടില്ലെന്ന് അവരുടെ മുഖത്ത് നോക്കി പറഞ്ഞ മന്ത്രിയുടെ മുഖം യുവജനങ്ങളും മാതാപിതാക്കളും പൊതുസമൂഹവും ഒരിക്കലും മറക്കില്ലെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.