doctorate

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2020 ഒക്ടോബർ 12 മുതൽ 15 വരെ നടന്ന എം.എസ്.ഡബ്ല്യു എൻട്രൻസ് ഗ്രൂപ്പ് ഡിസ്കഷൻ,​ ഇന്റർവ്യൂ,​ ഒക്ടോബർ 20 മുതൽ 23 വരെ നടന്ന പി.ജി പ്രവേശന പരീക്ഷ എന്നിവയുടെ മൂല്യനിർണയ പാനലിൽ ഉൾപ്പെടുത്തിയ ചെമ്പഴന്തി എസ്.എൻ.കോളേജിലെ അസി. പ്രൊഫ. എൻ.ബി. ലേഖയുടെ പേര്, അസോ. പ്രൊഫ. ഡോ. എൻ.ബി. ലേഖ എന്ന് തെറ്റായി രേഖപ്പടുത്തിയത് ക്ലറിക്കൽ പിശകാണെന്ന് സർവകലാശാലാ സോഷ്യോളജി വിഭാഗം മേധാവിയും എം.എസ്. ഡബ്ല്യു,​ എം.എ സോഷ്യോളജി ബോ‌ർഡ് ഒഫ് സ്റ്റഡീസ് ചെയർമാനുമായ ഡോ.ആന്റണി പാലക്കൽ അറിയിച്ചു.

എം.എസ്. ലേഖയ്ക്ക് വ്യാജ ഡോക്ടറേറ്റ് തരപ്പെടുത്തി നൽകിയെന്ന പരാമർശം ശരിയല്ലെന്നും, വാർത്ത തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.ഡബ്ല്യു പ്രവേശന പരീക്ഷയ്ക്ക് ഇത്തവണ 560 അപേക്ഷകരുണ്ടായിരുന്നു. സർവകലാശാലയിൽ നിന്ന് ഇവാല്യുവേറ്റർ പാനലിന് അംഗീകാരം ലഭിക്കാൻ പ്രവേശന ദിവസത്തിനു മുമ്പ് ഒരു ദിവസം മാത്രമാണ് ലഭിച്ചത്. ഈ തിരക്കിനിടയിൽ വന്ന ക്ലറിക്കൽ പിശകു മൂലമാണ് അസി. പ്രൊഫ. ലേഖയുടെ പേരിനൊപ്പം ഡോക്ടറേറ്റ് ഉള്ളതായി രേഖപ്പെടുത്താൻ ഇടയായതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറെ പിശകിന്റെ വിവരം അറിയിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ലേഖ ഡ്യൂട്ടി സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. 2020 ഒക്ടോബറിൽ ലേഖയ്ക്ക് ഡോക്ടറേറ്റ് ഇല്ലായിരുന്നെങ്കിലും ഈ മാസം ആദ്യം അവർക്ക് ഡോക്ടറേറ്റ് ലഭിച്ചതായും ഡോ.ആന്റണി പാലക്കൽ അറിയിച്ചു. പ്രവേശന പരീക്ഷാ കേന്ദ്രം കണ്ടെയ്ൻമെന്റ് സോണിൽ ആയിരുന്നതുകൊണ്ടാണ് ഡോക്ടറേറ്റുള്ള അദ്ധ്യാപകരിൽ ചിലരെ പാനലിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.