siv

തിരുവനന്തപുരം:മഹാദേവനെ സ്തുതിച്ച് നാടെങ്ങും ഭക്തർ ശിവരാത്രി ആഘോഷിച്ചു. വ്രതവിശുദ്ധിയിൽ ഉറക്കം ഉപേക്ഷിച്ച് ശിവമന്ത്രങ്ങൾ ഉരുവിട്ട് ഭക്തർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ക്ഷേത്രങ്ങളിൽ ധാരയും യാമപൂജയുമായി ഇന്ന് പുലർച്ച വരെ ശിവരാത്രി ആഘോഷം നീണ്ടു. ഭൗതിക തൃഷ്ണകളിൽ നിന്ന് ഉയർന്ന് അനന്തവും നിഷ്‌കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തിൽ ലയിക്കാൻ പറ്റുന്ന അതിദിവ്യമായ സമയമാണ് ശിവരാത്രി.
ഇന്നലെ വൈകിട്ടു മുതൽ ശിവക്ഷേത്രങ്ങളിൽ തിരക്കായിരുന്നു. പുലരാറായതോടെ തിരക്ക് വർദ്ധിച്ചു. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനത്തിന് നീണ്ട നിര രൂപപ്പെട്ടിരുന്നു.

കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ശിവാലയ ഓട്ടത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. ബുധനാഴ്ച വൈകിട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഓട്ടം ഒരുനാൾ കഴിഞ്ഞ് നട്ടാലത്താണ് സമാപിച്ചത്.

വ്രതം നോറ്റ ഭക്തർ ക്ഷേത്രങ്ങളിൽ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, അർദ്ധയാമപൂജ, എഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരുന്നു. കൂവളത്തില സമർപ്പണം, പിൻവിളക്ക്, ജലധാര, മൃത്യുഞ്ജയ ഹോമം, പുഷ്പാഞ്ജലി, ഉമാമഹേശ്വര പൂജ എന്നിവ പ്രധാന വഴിപാടുകളായിരുന്നു.
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ആറാട്ടോടെ സമാപിച്ചു.

നെടുമങ്ങാട് കോയിക്കൽ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായ ഓട്ടം ഉത്സവം ആരംഭിച്ചു. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം, കഴക്കൂട്ടം, ഗൗരീശപട്ടം, കേരളത്തിലെ ഏറ്റവും ഉയരമുള്ള ശിവപ്രതിമയുള്ള ആഴിമല തുടങ്ങിയ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷവും ഭക്തജനത്തിരക്കും ഉണ്ടായിരുന്നു.