
തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ 75ാം പിറന്നാൾ ആഘോഷിച്ച് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. കാരമ്മൂട് സെന്റ് വിൻസെന്റ്സ് സെമിനാരിയിലായിരുന്നു പിറന്നാൾ ദിനത്തിൽ സൂസപാക്യം.
ചുമതലകൾ ഭാഗികമായി സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനെ ഏൽപ്പിച്ച് ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അദ്ദേഹം വെള്ളയമ്പലത്തെ ബിഷപ്‌സ് ഹൗസിൽ നിന്ന് കാരമ്മൂട് സെമിനാരിയിലേക്ക് താമസം മാറി. ഡോ. ആർ. ക്രിസ്തുദാസ് അനുഗമിച്ചു. വികാരി ജനറാൾ മോൺ. സി. ജോസഫ്, വൈദികർ, ബിഷപ്സ് ഹൗസ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 75 വയസ് പൂർത്തിയാകുന്നതോടെ വിശ്രമജീവിതത്തിലേക്ക് കടക്കാനാണ് ബിഷപ്പിന്റെ തീരുമാനം. ഈ വിവരം പിറന്നാളിന് മുൻപ് തന്നെ അറിയിച്ചിരുന്നു.
കൊവിഡ് മോചിതനായശേഷം ഡോ. സൂസപാക്യത്തിന് വിശ്രമം ആവശ്യമായതിനാൽ സഹായമെത്രാന് അധികാരങ്ങൾ താത്കാലികമായി കൈമാറിയിരിക്കുകയാണ്. 75 വയസ് പൂർത്തിയാകുമ്പോൾ ബിഷപ്പുമാർ മാർപ്പാപ്പയ്ക്ക് രാജി നൽകുകയാണ് പതിവ്. സ്ഥാനമൊഴിഞ്ഞയാൾക്ക് പകരം അതിരൂപതാ അദ്ധ്യക്ഷനെ നിയമിക്കേണ്ടത് വത്തിക്കാൻ ആണ്. ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. പകരം സംവിധാനം നിലവിൽവരുന്നതുവരെ നിലവിലെ ആർച്ച് ബിഷപ്പിന് എല്ലാ അധികാരവും ഉണ്ടായിരിക്കും. ഈസ്റ്റർ കഴിഞ്ഞ് പുതിയ അദ്ധ്യക്ഷൻ വരുമെന്നാണ് പ്രതീക്ഷ.