hj

വർക്കല: വർക്കല താലൂക്കിലെ കായലുകൾ കേന്ദ്രീകരിച്ച് നഞ്ച് കലക്കി മത്സ്യബന്ധനം നടത്തുന്നതായി പരാതി. ഇതോടെ പ്രതിസന്ധിയിലാകുന്നത് പ്രദേശത്തെ മത്സ്യക്കൃഷി ചെയ്യുന്ന കർഷകരാണ്. അകത്തുമുറി, പുത്തൻ കടവ്, കോവിൽത്തോട്ടം, വൻകടവ്, കുളമുട്ടം, കാപ്പിൽ, ഹരിഹരപുരം, തോണിപ്പാറ എന്നിവിടങ്ങളിലെ കായലുകളിലാണ് രാത്രികാലങ്ങളിൽ നഞ്ച് കലക്കി മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ കായലിന് സമീപത്ത് മത്സ്യകൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് ഇവ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് പതിവാണ്. കായലിൽ നഞ്ച് കലക്കുന്നതോടെ സമീപത്തെ മത്സ്യ കർഷകർ ഒരുക്കിയിട്ടുള്ള മത്സ്യകൃഷി കേന്ദ്രത്തിലേക്കുള്ള ഇടനാഴിയിലൂടെ വിഷാംശം കലരുന്നതാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു.

ഒട്ടുമിക്ക മത്സ്യ കർഷകരും കായൽ തീരത്തിനോടനുബന്ധിച്ച് കായൽ വെള്ളം കെട്ടിനിറുത്തി പ്രത്യേകം ക്രമീകരിച്ച കുളത്തിലാണ് മത്സ്യകൃഷി നടത്തുന്നത്. രാത്രികാലങ്ങളിലാണ് ചെറു വള്ളങ്ങളിൽ ഇത്തരത്തിൽ നഞ്ച് കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾ എത്തുന്നത്. വിഷാംശം അധികമായി കലർന്നതിനാൽ കായൽ മത്സ്യങ്ങൾ വ്യാപകമായി ചത്തൊടുങ്ങുകയാണ്. കായൽ തീരങ്ങളിൽ കേന്ദ്രീകരിച്ച് ഏകദേശം 50 -ഓളം മത്സ്യകൃഷി നടത്തുന്ന ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് ഇക്കൂട്ടർ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കരിമീൻ, കൊഞ്ച്, തുടങ്ങിയ കായൽ മത്സ്യങ്ങളാണ് സ്വകാര്യ വ്യക്തികൾ വളർത്തുന്നത്. മത്സ്യങ്ങൾ അടിക്കടി ചത്ത് പൊങ്ങുന്നത് ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. നിയമവിരുദ്ധമായി കായലുകളിൽ നഞ്ച് കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് മത്സ്യകൃഷി കർഷകർ പറയുന്നത്.


ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചെമ്മീൻ കുഞ്ഞുങ്ങളെ കായലുകളിൽ നിക്ഷേപിക്കുന്നത് തുടരുമ്പോഴും ഇവയെല്ലാം നഞ്ച് കലക്കുന്ന തോടൊപ്പം തന്നെ ഇല്ലാതാവുകയാണ്.

നഞ്ചും മനുഷ്യനും

വരൾച്ചക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുമ്പോൾ ജലനിരപ്പിൽ നിന്നും ഏകദേശം 1 കിലോമീറ്റ താഴ്ചയിൽ വരെ നഞ്ചിന്റെ വിഷം സഞ്ചരിക്കും. അടിത്തട്ടിൽ പതുങ്ങിയിരിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങൾ ചത്തൊടുങ്ങും. സാധാരണ രീതിയിൽ പിടിക്കാൻ കഴിയാത്ത വലിയ മീനുകളെ വരെ ഇത്തരത്തിൽ പിടിക്കാൻ കഴിയും. ഒപ്പം വരും കാലങ്ങളിൽ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവ് വരുന്നതിനും ഇത് കാരണമാകും.

എന്നാൽ നഞ്ചിന്റെ സാമിപ്യമുള്ള മത്സ്യം കഴിച്ചാൽ മനുഷ്യരിൽ പുകച്ചിലും പൊള്ളലും വരെ ഉണ്ടാകാം. കൂടുതൽ അളവിൽ മത്സ്യങ്ങളിൽ നഞ്ചിന്റെ സാനിധ്യം ഉണ്ടായാൽ മനുഷ്യന്റെ ശരീരത്തെ കാര്യമായി ബാധിക്കും.