
പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് കേരളകൗമുദി പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഈ മാസം 17ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ മാറ്റിവച്ചു. വോട്ടെടുപ്പിന് ശേഷം ഏപ്രിൽ 8 മുതൽ 30 വരെയാവും പരീക്ഷ. തിരഞ്ഞെടുപ്പ് കമ്മിഷനാണ് പരീക്ഷ മാറ്റാൻ അനുമതി നൽകിയത്. പുതിയ ടൈംടേബിൾ ഉടനിറങ്ങും.
അദ്ധ്യാപകരിലധികം പേർക്കും തിരഞ്ഞെടുപ്പ് ജോലിയുള്ളതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് മാർച്ച് 2 ന് കേരളകൗമുദിയിൽ വാർത്ത നൽകിയിരുന്നു.
പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാണിച്ച് സർക്കാർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ കത്ത് മീണ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് കാണിച്ച് ഇന്നലെ വീണ്ടും കത്തയച്ചു. അതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവയ്ക്കാൻ നിർദേശമുണ്ടായത്. വോട്ടെടുപ്പിനുശേഷം വിഷുവിനും റംസാൻ നൊയമ്പിനുമിടയിൽപുതിയ പരീക്ഷാ തീയതികൾ വരുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.