season

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ ഒരുവർഷമായി നിറുത്തിവച്ചിരുന്ന ട്രെയിനുകളിലെ സീസൺ ടിക്കറ്റ് വില്പന 15ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് സീസൺ ടിക്കറ്റ് വില്പന അനുവദിക്കുന്നത്. ലോക്ക്ഡൗൺ മൂലം കഴിഞ്ഞവർഷം മാർച്ച് 23നാണ് സീസൺ ടിക്കറ്റ് വില്പന നിറുത്തിവച്ചത്. അന്ന് ടിക്കറ്റിന്റെ കാലാവധി തീരാതിരുന്നവർക്കെല്ലാം വീണ്ടും സീസൺ ടിക്കറ്റെടുക്കുമ്പോൾ 20ദിവസം അധികം അനുവദിക്കും.

ലോക്ക് ഡൗണിൽ നിറുത്തിവച്ച ട്രെയിൻ സർവീസ് പുനരാരംഭിച്ചത് കഴിഞ്ഞ നവംബറിലാണ്. എങ്കിലും അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച മുതൽ മെമു ട്രെയിനുകളും 17ന് അൺറിസർവ്ഡ് ജനറൽ കോച്ചുകളും അനുവദിച്ചു. ഗുരുവായൂർ–പുനലൂർ എക്സ്‌പ്രസാണു മാർച്ച് 17 മുതൽ അൺറിസർവ്ഡ് കോച്ചുകളുമുൾപ്പെടുത്തി സർവീസ് നടത്തുക. കൊവിഡ് കാലത്ത് കേരളത്തിലെ ആദ്യ അൺറിസർവ്ഡ് എക്സ്‌പ്രസ് ട്രെയിനാണിത്. എസി ചെയർ കാറും 2 റിസർവ്ഡ് കോച്ചുകളുമൊഴികെ 17 കോച്ചുകൾ അൺറിസർവ്ഡ് കോച്ചുകളായിരിക്കും. 15 മുതൽ സർവീസ് ആരംഭിക്കുന്ന മെമു ട്രെയിനുകളിലും സീസൺ ടിക്കറ്റുകാർക്കു യാത്രചെയ്യാൻ അനുവദിച്ചേക്കും.

രാജ്യത്ത് 1800 മെയിൽ എക്സ്‌പ്രസ് ട്രെയിനുകളും 13,​523 പാസഞ്ചർ,ലോക്കൽ ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്. ഇതിൽ 1250 എക്സ്‌പ്രസ് ട്രെയിനുകളും 5350 ലോക്കൽ ട്രെയിനുകളും സർവീസ് പുനരാരംഭിച്ചു.