
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ കളർപടമൊക്കെ വച്ച് പരസ്യ വാചകങ്ങളുമായി പൊതുവാഹനങ്ങൾ നിരത്തിലിറക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള ഫീസ് അടച്ചില്ലെങ്കിൽ വണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴയീടാക്കും. തിങ്കളാഴ്ച മുതൽ പിഴയീടാക്കിത്തുടങ്ങും. 1000 രൂപയാണ് പിഴ.
തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പതിക്കുന്നത് വിലക്കാതെ അനുവാദം കൊടുത്ത് വരുമാനം വർദ്ധിപ്പിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ഒരു ഓട്ടോറിക്ഷ ഏതാണ്ട് മുഴുവാനായി പരസ്യം പതിക്കുന്നതിന് മാസം 2,000 രൂപയാണ് ഫീസായി ഈടാക്കാൻ കഴിയുന്നത്. ഒാരോ ജില്ലയിലും കുറഞ്ഞത് 50 ഓട്ടോറിക്ഷകളെങ്കിലും ഇത്തരത്തിൽ രൂപമാറ്റം വരുത്തിയെന്നാണ് മോട്ടോർവാഹന വകുപ്പിന് വിവരം ലഭിച്ചത്. എല്ലാവരും ഫീസ് ഒടുക്കിയാൽ ഓട്ടോയിൽ നിന്നു മാത്രം 14 ലക്ഷം രൂപ ലഭിക്കും. വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ തയ്യാറായി പരസ്യ ഏജൻസികൾ ആർ.ടി ഓഫീസുകളെ സമീപിച്ചിട്ടുണ്ട്.ഫീസ് അടയ്ക്കുന്ന വാഹനങ്ങളുടെ നമ്പരുകൾ മോട്ടോർ വാഹന വകുപ്പ് സൂക്ഷിക്കും.
സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയില്ല
സ്വകാര്യ വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാൻ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ലംഘിച്ചാൽ 1000 രൂപ വരെ പിഴ ചുമത്താം. പരസ്യം പതിക്കാൻ രൂപമാറ്റം വരുത്തിയാൽ വാഹനങ്ങൾ അനുസരിച്ച് 7,000 രൂപവരെയും പിഴ ഈടാക്കും. പൊതുവാഹനങ്ങൾക്ക് ഫീസ് അടച്ച് പരസ്യം ആകാം.
ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്‌ക്കേണ്ടത്. പരസ്യം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തുകയും വേണം.
''
പരസ്യം പതിക്കുന്ന വാഹനങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഫീസ് അടയ്ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.''
- രാജീവ് പുത്തലത്ത്, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ