
വിഴിഞ്ഞം: തിരഞ്ഞെടുപ്പ് അടുത്തതോടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് കടൽ വഴി മദ്യവും ലഹരി വസ്‌തുക്കളും കേരളത്തിലേക്ക് കടത്താൻ ശ്രമം നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ശക്തമാക്കി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ അമരവിള, നെയ്യാറ്റിൻകര റേഞ്ചുകളിലെ ഉദ്യോഗസ്ഥരും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്‌മെന്റും സംയുക്തമായാണ് കടലിൽ പരിശോധന ശക്തമാക്കിയത്.
വിഴിഞ്ഞം, പുല്ലുവിള, പൂവാർ, പൊഴിയൂർ, തമിഴ്നാട് അതിർത്തി മേഖലയായ തെക്കെ കൊല്ലംകോട് എന്നീ മേഖലകളിൽ ഇന്നലെ നടത്തിയ പട്രോളിംഗിൽ നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനിച്ചു. മദ്യവും ലഹരി വസ്‌തുക്കളും കടത്തുന്നത് തടയാൻ കഴിഞ്ഞദിവസം എക്സൈസ് കമ്മിഷണർ ഉൾപ്പെടെയുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.