
അരുവിപ്പുറം: ജീർണിച്ച സംസ്കാരത്തിനെതിരായ കലാപമാണ് ശ്രീനാരായണ ഗുരുദേവൻ നയിച്ചതെന്ന് പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. 133-ാമത് അരുവിപ്പുറം പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് നടന്ന മഹാശിവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൃദയത്തിൽ അനശ്വരതയുടെ സുവർണ്ണ മുദ്രയുള്ള ഗുരുദേവൻ വന്നപ്പോഴാണ് കാലത്തിനും, ചരിത്രത്തിനും മാറ്റമുണ്ടായത്. ഗുരുദേവൻ രംഗപ്രവേശം ചെയ്തപ്പോഴാണ് ചണ്ഡാളൻ, പഞ്ചമൻ എന്നൊക്കെ നികൃഷ്ടമായി ചവിട്ടിത്താഴ്‌ത്തിയിരുന്ന സാധാരണക്കാരന് മേൽവിലാസവും, മനുഷ്യനെന്ന സംജ്ഞ പോലുമുണ്ടായത്.
ഒരു ജാതി,ഒരു മതം, ഒരു ദൈവമെന്ന ഗുരു സിദ്ധാന്തമാണ് ഏറ്റവും വലിയ വേദാന്തം. വർഗ്ഗീയതയുടെ വിഷപ്പല്ലുകൾ വീണ്ടും ആഴ്ന്നിറങ്ങുന്ന കാലമാണിത്. ശങ്കരൻ വിഴുങ്ങിയ വിഷത്തിൻ്റെ അതേ കറുത്ത നിറമാണ് വർഗ്ഗീയ വിഷത്തിനുമുള്ളത്. ലോകം മുഴുവൻ ഇന്ന് ശിവഗിരിയിലേക്കും അരുവിപ്പുറത്തേക്കും നടന്നടുത്തു കൊണ്ടിരിക്കുകയാണ് - പെരുമ്പടവം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിജു പ്രഭാകർ, സി.ബി.ഐ ജഡ്ജ് കെ. സനിൽകുമാർ, സ്വാമി വിശാലാനന്ദ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് വിഷ്ണു ഭക്തൻ, ഡോ. ബെറ്റിമോൾ മാത്യു, എസ്.യു.ടി ഗ്രൂപ്പ് സി.ഇ.ഒ. കേണൽ രാജീവ് മണ്ണാളി, നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ,
അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഇന്ന് ആറാട്ടോടെ
പരിസമാപ്തി
അരുവിപ്പുറം മഹോത്സവത്തിന് ഇന്ന് ആറാട്ടോടെ പരിസമാപ്തിയാകും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഒരു മണിക്ക് ആയിരം കുടം അഭിഷേകത്തിന് ആരംഭം കുറിച്ചു. ഗുരു ഭക്തർ ശങ്കരൻ കുഴിയിൽ നിന്നെത്തിച്ച 1008 കുടം ജലം അഭിഷേകം നടത്തി.