
കൊച്ചി: സുരക്ഷിതത്വത്തിെൻറ വേലിക്കെട്ടുകൾ കത്തിയെരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തീപിടുത്തങ്ങൾ വ്യാപകമാകുന്നു. വീടും വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുമടക്കം ആളിപ്പടരുന്ന തീപിടുത്തിനിരയാകുന്നു. ജീവഹാനിയുണ്ടായ സംഭവത്തിനും സമീപകാലം സാക്ഷ്യംവഹിച്ചു. പലസ്ഥലങ്ങളിലും ഭാഗ്യംകൊണ്ടാണ് വൻ ദുരന്തങ്ങൾ വഴിമാറുന്നത്. ഒപ്പം വേനൽ തിളയ്ക്കുമ്പോൾ അഗ്നിരക്ഷാ സേനയെ തളർത്തി തീവിളികൾ പ്രതിദിനം വർദ്ധിക്കുകയാണ്.ബ്രഹ്മപുരം പ്ലാന്റിലടക്കം മൂന്നു മാസത്തിനിടെ തൃക്കാക്കര ഫയർ സ്റ്റേഷനിൽ 43 തീപിടിത്തങ്ങളും ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ 51 തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു. ഇടയാർ, സെസ്, പിറവം, അരൂർ എന്നിവിടങ്ങളിലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ തീപിടിത്തങ്ങൾ ഉണ്ടായി. തീപിടിത്തം അറിയിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽനിന്ന്, ഒരേസമയം വിളികൾ വരുന്നതും അഗ്‌നിരക്ഷാ സേനയ്ക്ക് വെല്ലുവിളിയാകുന്നു. ഒപ്പം വ്യാജ കോളുകളും സേനയെ വലയ്ക്കുന്നു.
ഇനിയുള്ള നാളുകൾ കൂടുതൽ സൂക്ഷിക്കണം
സമീപകാലത്തായി തീപിടുത്തം വർദ്ധിക്കുകയാണ്. കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കും പുല്ലിനും ചെടിക്കൂട്ടത്തിനും എന്നുവേണ്ട സകല സ്ഥലത്തും തീ പടർന്നുപിടിക്കുന്നു. അന്തരീക്ഷത്തിൽ ചൂട് വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. രണ്ട് മാസം മുമ്പ് വരെയുണ്ടായിരുന്ന അന്തരീക്ഷത്തിലെ ഈർപ്പം ഇല്ലാതായിരിക്കുകയാണ്. വരാനിരിക്കുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ഇത് വർദ്ധിക്കുകയും ചെയ്യും.
ഭൂരിഭാഗം കെട്ടിടങ്ങളിലുമുണ്ടാകുന്ന തീപിടുത്തത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഷോർട്ട് സർക്യൂട്ടാണ്. കെട്ടിടത്തിലെ നിലവിലെ ഇലക്ട്രിക് വയറിന് താങ്ങാൻ കഴിയുന്നതിനുമപ്പുറം പവർ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പഴയ വയറിംഗ് നിലനിൽക്കുന്ന കെട്ടിടങ്ങളിൽ വലിയ തോതിൽ വൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് വഴിവെക്കും. പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ നിലവിലെ വയറിംഗിൽ ആവശ്യമായ പരിശോധനകൾ നടത്തണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗോഡൗണുകളിലെ തീപിടുത്തങ്ങൾ കൂടുതലും വസ്തുക്കൾ വലിച്ചുവാരിയിടുന്നതും കൃത്യമല്ലാതെ നിരത്തിവച്ചിരിക്കുന്നതും മൂലമാണ്. ഇത് തീപിടുത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തെയും ദുർഘടമാക്കുന്നു. പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയവ തീയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായ സർവീസിംഗ് നടത്താത്തതാണ് വാഹനങ്ങളിലെ തീപിടുത്തത്തിന്റെ പ്രധാന കാരണം.