ak-narayanan

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് അകലം പാലിച്ച് മുതിർന്ന സി.പി.എം. നേതാവ് എ.കെ. നാരായണൻ അതിയാമ്പൂർ കാലിക്കടവിലെ വീട്ടിൽ വിശ്രമത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തുടങ്ങി പാർലമെന്റ് വരെ എത്തിനിൽക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈ മുതിർന്ന നേതാവിന്റെ പേര് ഒരിക്കൽ പോലും വന്നില്ല. എന്നാൽ നിരവധി പേരെ ജനപ്രതിനിധികളാക്കാൻ തന്ത്രങ്ങൾ മെനയാൻ തനിക്ക് കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് പ്രായത്തിന്റെ അസ്വസ്ഥതയ്ക്കിടയിലും അദ്ദേഹം പറഞ്ഞു.

ഒപ്പം സംസ്ഥാന രാഷ്ട്രീയവും ചർച്ചാ വിഷയമായി. 1957ൽ നടന്ന തിരഞ്ഞെടുപ്പോടെയാണ് ഇ.എം.എസും എ.കെ.ജിയുമെല്ലാം കാസർകോട്ടെ ജനങ്ങൾക്ക് സുപരിചിതരാകുന്നത്. പാർലമെന്റിലേക്ക് എ.കെ.ജിയും നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ ഇ.എം.എസും മത്സരിക്കുന്നു. ഇളംപ്രായത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രാദേശിക ചുമതലക്കാരനായി എ.കെ. നാരായണൻ എന്ന തൊഴിലാളി നേതാവ്. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചും അവർക്കുവേണ്ടി പോരാടിയും ജില്ലയിൽ സി.പി.എമ്മിന്റെ നേതൃനിരയിൽ എത്തിയ നേതാവ്. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. നീലേശ്വരം പഞ്ചായത്തിലെ പാലായി അടുക്കത്ത് വീട്ടിലാണ് ജനനം. കമ്മ്യൂണിസ്റ്റ് പാർടി ഭരണത്തിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന വിമോചന സമരമാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആഭാസസമരമെന്ന് എ.കെ. ഓർക്കുന്നു.

സമരത്തിന്റെ ഭാഗമായി നടന്ന കുപ്രചാരണം അതേപോലെ ഇന്നത്തെ കോൺഗ്രസും തുടരുന്നുവേന്നേയുള്ളൂ. രാഷ്ട്രീയ വിമർശങ്ങൾക്കു പകരം ശാരീരിക വൈകല്യങ്ങളും വൈകൃതവും രാഷ്ട്രീയ പ്രതിയോഗികളെ ഇകഴ്ത്തിക്കാണിക്കാൻ ഉപയോഗിച്ച തിരഞ്ഞെടുപ്പുമായിരുന്നു അത്.

'കർക്കട മാസം കഴിയട്ടെ, കക്കനെ ഞങ്ങളിറക്കിവിടുമെന്നായിരുന്നു ഇ.എം.എസിനെതിരെ വിമോചന സമരക്കാർ വിളിച്ച മുദ്രാവാക്യം. കക്കൻ, വിക്കൻ, ഞൊണ്ടി, ചാത്തൻ, മച്ചി എന്നിങ്ങനെ നേതാക്കളെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങൾക്കും പഞ്ഞമുണ്ടായില്ല.

പാർട്ടിയുടെ ജില്ലയുടെ നേതൃനിരയിൽ പ്രവർത്തിച്ച എ.കെ. നിരവധി തിരഞ്ഞെടുപ്പുകളുടെ മുഖ്യ സംഘാടകനായും ചുമതലക്കാരനായും പ്രവർത്തിച്ചു.

വാഹനങ്ങൾ കുറവായിരുന്ന അക്കാലത്ത് കാൽനടയായി ദീർഘനേരം ക്ഷീണമറിയാതെ നടന്നു. 83 വയസ് പിന്നിട്ടു. ഓർമ്മകൾ താളം തെറ്റി. ശരീരത്തോടൊപ്പം മനസ് ചെല്ലുന്നില്ല. സദാ ചലിച്ചുകൊണ്ടിരുന്ന പൊതുപ്രവർത്തകൻ വീട്ടിൽ വിശ്രമത്തിലാണ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിറഞ്ഞു നിന്നതാണ് ആ വിപ്ലവവീര്യം. തിരഞ്ഞെടുപ്പ് മറ്റൊരു സമര രംഗമായിരുന്നു എ.കെ. നാരായണൻ എന്ന തൊഴിലാളി നേതാവിന്. അവശതയുണ്ടെങ്കിലും ഈ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും എ.കെ. സജീവമായി ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരൻ ബുധനാഴ്ച എ.കെ. നാരായണനെ കണ്ടശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്‌.