
അസാമിലും ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. എല്ലായിടത്തെയും പോലെ തന്നെ അസാമിലും എതിരാളികളായ ബി.ജെ.പിയെ തളയ്ക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ബി.ജെ.പിയാകട്ടെ ദേശീയ നേതാക്കളെ ഉൾപ്പെടെ തുടർച്ചയായി ഇറക്കി പ്രചാരണം ശക്തമാക്കുകയാണ്.
തിരഞ്ഞെടുപ്പ് ചൂടിനിടെ നാഗോൺ മേഖലയിലെ 'ബതദ്രവ താൻ' അഥവാ ബതദ്രവ സത്രം ഇപ്പോൾ അസാം രാഷ്ട്രീയത്തിന്റെ നിർണായക ഘടകങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. വൈഷ്ണവ സന്യാസിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണിത്. കഴിഞ്ഞ മാസം ഇവിടെ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഠത്തിന്റെ വികസനത്തിനായി 188 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒട്ടുമിക്ക പാർട്ടികളിലെയും നേതാക്കൾ വൈഷ്ണവ സത്രങ്ങളിലെത്തി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് സാധാരണമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞയാഴ്ച ലഖീംപ്പൂരിലെ ലെറ്റെകുപുഖുരി സത്രം സന്ദർശിച്ചിരുന്നു. ശങ്കർദേവയുടെ ശിഷ്യനായ ശ്രീമന്ത മാധവ്ദേവിന്റെ ജന്മസ്ഥലമാണിത്.
16-ാം നൂറ്റാണ്ടിൽ വൈഷ്ണവ പാരമ്പര്യം പരിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശങ്കർദേവ അസാമിൽ വിവിധയിടങ്ങളിൽ സത്രങ്ങൾ സ്ഥാപിച്ചത്. അസാമിലുടനീളം സഞ്ചരിച്ച ശങ്കർദേവ സമൂഹത്തിന്റെ മാറ്റത്തിനായി നിലകൊണ്ടു. ഇപ്പോൾ ശങ്കർദേവ സ്ഥാപിച്ച സത്രങ്ങളിൽ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുകയും പ്രത്യേക ആരാധനകൾ നടത്തുകയും ചെയ്യുന്നു.
അസാമിൽ നിലവിൽ 900 ത്തോശം സത്രങ്ങൾ ഉണ്ട്. എന്നാൽ, ബോർഡോവ (നാഗോൺ), മാജുലി, ബാർപേട്ട എന്നിവിടങ്ങളിലേതാണ് ഏറ്റവും പ്രശസ്തം. ജാതിവ്യത്യാസങ്ങൾ, ആചാരങ്ങൾ എന്നിവയെ ശങ്കർദേവ എതിർത്തിരുന്നു. വിഗ്രഹാരാധനയ്ക്ക് പകരം പ്രാർത്ഥിക്കാനും ജപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ശങ്കർദേവയുടെ ആശയങ്ങൾ പിന്തുടരുന്ന ഈ സത്രങ്ങൾ മാത്രമല്ല അസാം രാഷ്ട്രീയത്തെ സ്വാധീനക്കുന്ന ഘടകമായുള്ളത്. അസാമിലെ ഓരോ കുടുംബത്തിനും ഏതെങ്കിലുമൊരു സത്രവുമായി എന്തെങ്കിലും ബന്ധമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. നാഗോൺ, കാളിബോർ, മാജുലി, ബാർപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ സത്രങ്ങൾക്ക് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഇത് തീർച്ചയായും പ്രതിഫലിക്കുമെന്ന് നിരീക്ഷകർ പറയുന്നു. പാർട്ടി പ്രവർത്തകർ സത്രങ്ങളെ ചുറ്റിപ്പറ്റി പ്രചാരണം ശക്തമാക്കാനുള്ള കാരണവുമിതാണ്.
സത്രങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ബി.ജെ.പി ഇതിനോടകം ആയുധമാക്കി കഴിഞ്ഞു. അനധികൃത കുടിയേറ്റക്കാർ സത്ര ഭൂമി കൈവശപ്പെടുത്തിയിരുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. 2016ൽ അസാമിൽ അധികാരത്തിലെത്തിയ ശേഷം കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സത്രങ്ങളുടെ വികസനത്തിനായി ഏതാനും പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. അസാമിലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർ ഈ സത്രങ്ങളിലാണ് അഭയം പ്രാപിച്ചത്. അവരുടെ വോട്ടും സത്രങ്ങളിലെ പ്രചാരണത്തിലൂടെ പാർട്ടികൾ ലക്ഷ്യമിടുന്നു.