
പാലോട്: കൊവിഡ് ബാധിച്ചതിന് ശേഷം ഇത് രണ്ടാമത്തെ ഉത്സവകാലം. കൊവിഡ് നിയന്ത്രണങ്ങളും നിയമങ്ങളും ശക്തമാക്കിയതോടെ ജീവിക്കാൻ വേണ്ടി ആകാശത്ത് വർണങ്ങളുടെ പെരുമഴ പെയ്യിച്ചവരും വേദികളിൽ നിറഞ്ഞാടിയവരും ഇപ്പോൾ പട്ടിണിയിലും കടക്കെണിയിലും കൂപ്പുകുത്തി. അതിൽ നിന്നും മോചനം നേടണമെങ്കിൽ ഉത്സവകാലത്തെ ആഘോഷങ്ങൾ ഇവർക്ക് തിരിച്ചുപിടിക്കണം. ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ സ്റ്റേജ്കലാകാരന്മാരും വെടിക്കെട്ട് നിർമ്മാണ തൊഴിലാളികളും ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ നിലവിൽ വെടിക്കെട്ട് നടത്താൻ ഡിസ്‌പ്ലേ ലൈസൻസ് എടുക്കണമെന്ന നിർദ്ദേശം വന്നതോടെ ചെറുവെടിക്കെട്ടുകളും നിശ്ചലമായി. സംസ്ഥാനത്തെ മികച്ച കമ്പക്കെട്ട് ആശാൻമാരായ രാമചന്ദ്രനാശാനും ശശി ആശാനും കുഞ്ഞുമോൻ ആശാനും ഉൾപ്പെടെ നിരവധി പേരാണ് ഇന്ന് പ്രതിസന്ധിയിലായത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട മരുന്നു നിറയ്ക്കൽ, ഓലയൊരുക്കൽ എന്നിവ സ്ത്രീ തൊഴിലാളികളാണ് ചെയ്യുന്നത്. കരിമരുന്ന് പ്രയോഗങ്ങൾ നിലച്ചതോടെ ഇവരുടെ ജീവതമാർഗവും വഴിമുട്ടി. ക്ഷേത്രങ്ങളിൽ നിന്നും മറ്റും ലഭിച്ചിരുന്ന വരുമാനം പൂർണമായും നിലച്ചതോടെ ഇവരിൽ പലരും ആത്മഹത്യ ചെയ്തു. രോഗം ബാധിച്ച് കിടന്നവർ ചികിത്സ നടത്താൻ കഴിയാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വേദിയില്ലാതെ കലാകാരന്മാർ
നിയന്ത്രണങ്ങളിൽ അല്പം ഇളവുകൾ നൽകിയെങ്കിലും മൈക്ക് ഓർഡർ ലഭിക്കാത്തത് തിരിച്ചടിയായി. മുഖത്ത് ചായം പൂശി വേദിയെ ഹരംകൊള്ളിച്ച സ്റ്റേജ് കലാകാരന്മാരിൽ വീണ്ടും ഉത്സവകാലം ആരംഭിച്ചതോടെ പ്രതീക്ഷയുടെ കണികകൾ നാമ്പിടുന്നുണ്ട്. എന്നാൽ ജീവിതം പച്ചപിടിക്കാൻ കഴിയുമോ എന്നതിൽ ഇപ്പോഴും ആശങ്കയിലാണ് ഇവർ. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ നാടകങ്ങളും നൃത്തനാടകങ്ങളും മറ്റു കലാരൂപങ്ങളും വേദി ലഭിക്കാതായതോടെ നിർമ്മാതാക്കളും പ്രതിസന്ധിയിലും കടക്കെണിയിലുമായി. പ്രതിസന്ധിയിലായ ഇവർക്ക് ജീവിക്കാനായി അധികാരികളുടെ ഭാഗത്തു നിന്നും ചെറിയ ഇളവുകൾ ഉണ്ടാകണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
കുതിർന്നുപോയ ജീവിതങ്ങൾ
ക്ഷേത്രങ്ങളിലെ വെടിക്കെട്ട് ഉത്സവങ്ങൾ നിറുത്തിയതോടെ വെടിമരുന്ന് കുതിർന്നപോലെയാണ് ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതമെന്ന് ഈ മേഖലയിൽ ജോലിചെയ്യുന്നവർ തന്നെ പറയുന്നു.
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പുറ്റിങ്ങലിൽ നടന്ന വെടിക്കെട്ടപകടത്തെ തുടർന്ന് എക്സ്‌പ്ലോസീവ് വെടിക്കെട്ടിന് കർശനമാക്കിയതോടെ ആരാധനാലയങ്ങളിൽ കരിമരുന്ന് പ്രയോഗം നിലച്ചു. ജില്ലയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ വെടിക്കെട്ട് പരിപാടിയാണ് നടന്നിരുന്നത്. വീടുവയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉറ്റവരുടെ ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും ഒക്കെയുള്ള സാമ്പത്തികം ലഭിക്കുന്നതും ഉത്സവ സീസണിലാണ്. എല്ലാം നിശ്ചലമായ അവസ്ഥയിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലാണ് ഇവർ.