
പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം ഫിഷ് മാർക്കറ്റിന് നിയമാനുസൃതം നടത്താനുള്ള പഞ്ചായത്ത് ലൈസൻസോ, പൊലൂഷൻ സർട്ടിഫിക്കറ്റോ ആരോഗ്യവകുപ്പിന്റെ പെർമിഷനനോ ഇല്ല. എന്നിട്ടും വീണ്ടും മാർക്കറ്റ് തുറന്നുപ്രവർത്തിക്കുന്നതായി ആക്ഷേപം ഉയരുന്നു. മാർക്കറ്റിന്റെ പ്രവർത്തനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുകൂടിയാണ് ഗ്രാമപഞ്ചായത്തിനെയും മറ്റ് ബന്ധപ്പെട്ട അധികൃതരെ നോക്കുകുത്തികളാക്കി മാർക്കറ്റിന്റെ പ്രവർത്തനം.
2020 ഡിസംബർ 22നാണ്ആവശ്യമായ മുൻകരുതലുകൾ ഇല്ലാത്തതിന്റെ പേരിൽ മാർക്കറ്റിന്റെ പ്രവർത്തനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നത്. ഉടൻ തന്നെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നടത്തിപ്പുകാർക്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. രണ്ട് നാളുകൾ അടച്ചിട്ടശേഷം മാർക്കറ്റ് വീണ്ടും സജീവമായി. നിരോധന ഉത്തരവ് സ്ഥിരമായി നടപ്പാക്കാൻ സെക്രട്ടറി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പൊലീസിന്റെ സഹായം ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ലെന്നും ആക്ഷേപമുയരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിച്ചതിനെ തുടർന്ന് സെക്രട്ടറി നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് കാഞ്ഞിരംകുളം പൊലീസിന്റെ നേതൃത്വത്തിൽ വീണ്ടും മാർക്കറ്റ് അടച്ചു പൂട്ടിയത്. നിലവിൽ മാർക്കറ്റ് സജീവമാണ്..
മാർക്കറ്റ് കൈയടക്കി വരുത്തർ
മുൻകാലത്ത് പള്ളം ഇടവകയുടെ നേതൃത്വത്തിൽ പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽനിന്നും കൊണ്ടുവരുന്ന മത്സ്യങ്ങൾ മാത്രം വിൽക്കാൻ അനുവദിച്ച സ്ഥലമാണ് ഇവിടം. എന്നാൽ മാർക്കറ്റ് എന്നും സജീവമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതിചെയ്യുന്ന ഫോർമാലിനും മറ്റും കലർന്നതും മാസങ്ങൾ പഴക്കമുള്ളതുമായ മത്സ്യങ്ങളുടെ വില്പനയും ഇവിടെ ആരംഭിച്ചു. പലതവണ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഇതിനെ എതിർത്തെങ്കിലും ഏജന്റുമാർ വ്യാപാരം നിറുത്തിയില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്കാണ് ഇവിടെ നിന്നുളള മീനുകൾ വിപണനം ചെയ്യപ്പെടുന്നത്.
പരാതികൾ മുറപോലെ
അതിർത്തി ചെക്ക് പോസ്റ്റുകളിലോ മാർക്കറ്റുകളിലോ ബന്ധപ്പെട്ട അധികൃതർ യാതോരു ഗുണനിലവാര പരിശോധനയും നടത്തുന്നില്ലെന്നാണ് ആക്ഷേപം. അഴുകിയ മീനുകളുമായി എത്തുന്നവർ വിറ്റഴിക്കാൻ പറ്റാത്ത ബാക്കി മത്സ്യങ്ങൾ മാർക്കറ്റിൽതന്നെ ഉപേക്ഷിച്ച് മടങ്ങും.
മാർക്കറ്റ് പൂട്ടാൻ കോടതി, എന്നിട്ടും
മനുഷ്യന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതും പരിസ്ഥിതിക്ക് ദോഷകരമായ മാർക്കറ്റി പ്രവർത്തനം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും പൗരസമിതിയും പരിസ്ഥിതി പ്രവർത്തകരും ഗ്രാമ പഞ്ചായത്ത്, ജില്ലാ കളക്ടർ, മന്ത്രിമാർ തുടങ്ങിയവരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ആരും ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് മത്സ്യതൊഴിലാളിയും സാമൂഹ്യ പ്രവർത്തകനും പ്രദേശ വാസിയുമായ ആൻഡ്രൂസ് കോടതിയെ അഭയം തേടിയത്. ഗുരുതരാവസ്ഥ ബോദ്ധ്യപ്പെട്ട കോടതി മാർക്കറ്റ്റ് അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു.