
സ്വർണക്കടത്തിന് ട്രെയിനും ഏറെ ഇണങ്ങുമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ചെന്നൈ - ആലപ്പുഴ ട്രെയിനിൽ ഏഴരക്കോടി രൂപയിലധികം വിലവരുന്ന സ്വർണം പിടിച്ചെടുത്ത സംഭവം. സംസ്ഥാനത്ത് റെയിൽവേ സംരക്ഷണസേന പിടികൂടുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. സ്വർണം സുരക്ഷിതമായി നിശ്ചിത ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ പതിനായിരം രൂപ വീതമായിരുന്നു ഓരോരുത്തർക്കും വാഗ്ദാനം ചെയ്ത പ്രതിഫലം. തൊഴിൽരഹിതരായ ചെറുപ്പക്കാരെ വലയിൽ വീഴ്‌ത്തി ഇതുപോലെ കള്ളക്കടത്തിലേക്കും അധോലോക പ്രവർത്തനങ്ങളിലേക്കും വഴിതിരിച്ചുവിടുന്ന ഗൂഢസംഘങ്ങൾ ഏറെയുള്ള നാടാണിത്. ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം മനസിലാക്കാൻ കഴിയാതെ പോയ ഈ മൂന്നു ചെറുപ്പക്കാരെ ഓർത്ത് സഹതപിക്കാം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കപ്പെടുന്ന സ്വർണക്കടത്തും ഹവാല ഇടപാടുകളും സംസ്ഥാനത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിമാനം വഴി സ്വർണം കടത്തുന്നതിൽ ഇവിടത്തെ നാല് വിമാനത്താവളങ്ങളും കുപ്രസിദ്ധമാണ്. നയതന്ത്ര ബാഗേജിൽ വരെ സുലഭമായി സ്വർണം കടത്തിയ കേസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ കോളിളക്കങ്ങൾക്കുവരെ കാരണമായ ഈ സംഭവത്തിനു ശേഷവും വിമാനം വഴിയുള്ള സ്വർണക്കടത്തിന് ഒരു കുറവും വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് ട്രെയിൻ സർവീസുകൾ പഴയ നിലയിലാകാൻ തുടങ്ങിയതോടെ എല്ലാത്തരം കള്ളക്കടത്തുകാർക്കും പുതിയ വഴി തുറന്നുകിട്ടിയിരിക്കുകയാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തിന് ട്രെയിനുകൾ ഏറ്റവും അനുയോജ്യമായി കള്ളക്കടത്തു സംഘങ്ങൾ കരുതുന്നു. ഏറ്റവും കുറഞ്ഞ പരിശോധന നേരിട്ടാൽ മതിയാകുമെന്ന സൗകര്യമുണ്ട്. റെയിൽവേ സംരക്ഷണ സേനാംഗങ്ങളുടെ കണ്ണുവെട്ടിക്കാനും എളുപ്പമാണ്. കടൽ വഴിയും ആകാശം വഴിയും അന്താരാഷ്ട്ര അതിർത്തി കടന്നും ഇന്ത്യയിൽ സ്വർണം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒലവക്കോടുവച്ച് പിടികൂടിയ പതിനാറുകിലോ സ്വർണം കടൽമാർഗം ചെന്നൈയിൽ എത്തിച്ചതിൽ ഉൾപ്പെട്ടതാണെന്നു സൂചനയുണ്ട്. തൃശൂരിലെ ഒരു സ്വർണക്കടയ്ക്കു നൽകാൻ വേണ്ടി കാരിയർമാരെ ഏല്പിച്ചതായിരുന്നു ഇത്. ആർ.പി.എഫിന്റെ കണ്ണിൽപ്പെട്ടതോടെ ഏഴരക്കോടിയിൽപ്പരം രൂപ ബന്ധപ്പെട്ടവർക്ക് നഷ്ടമായിരിക്കുകയാണ്. രണ്ടുദിവസം മുൻപും ചെന്നൈ - ആലപ്പുഴ ട്രെയിനിലെ രണ്ട് യാത്രക്കാരിൽ നിന്ന് ഒരു കിലോയിലധികം സ്വർണം പിടികൂടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്ക് തടയാൻ വേണ്ടി നടത്തുന്ന പ്രത്യേക പരിശോധനകൾക്കിടയിലാണ് രണ്ടുദിവസവും സ്വർണക്കടത്തു പിടികൂടിയതെന്നതു ശ്രദ്ധേയമാണ്. ചെന്നൈ എഗ്‌മൂറിൽ നിന്ന് കൊല്ലത്തേക്കു വന്ന പ്രത്യേക ട്രെയിനിലെ മൂന്നു യാത്രക്കാരിൽ നിന്ന് വ്യാഴാഴ്ച രാവിലെ തെന്മലയിൽ വച്ച് 1.22 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു. കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തമിഴ‌്‌നാട്ടിലും വ്യാപകമായ തോതിൽ കള്ളപ്പണം വിതരണം നടക്കാനിടയുണ്ടെന്ന അഭ്യൂഹത്തിൽ തമിഴ്‌നാട്ടിലുടനീളം ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലോറിക്കണക്കിന് നോട്ടുകെട്ടുകൾ പിടിച്ചതായി വാർത്ത വന്നിരുന്നു. അതിന്റെ അന്വേഷണം എവിടെ എത്തിയെന്ന് പിന്നീട് ഒന്നും കേട്ടില്ല. പണം കൊടുത്ത് വോട്ട് ഉറപ്പിക്കുന്ന സമ്പ്രദായം എല്ലാ പാർട്ടികളും തമിഴ്‌നാട്ടിൽ പയറ്റാറുണ്ട്. അഴിമതിയിലൂടെയും അല്ലാതെയും നേടുന്ന അനധികൃത സമ്പാദ്യത്തിന്റെ ഒരു ഭാഗമാണ് പിന്നീട് തിരഞ്ഞെടുപ്പിൽ വോട്ടുകച്ചവടത്തിനായി സുലഭമായി ഇറക്കുന്നത്. എത്രയൊക്കെ തടയാൻ ശ്രമിച്ചാലും തമിഴ്നാട് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഇത്തരത്തിലുള്ള കപടതന്ത്രങ്ങൾക്ക് നിർണായക പങ്കുണ്ടെന്നുള്ളത് വസ്തുതയാണ്.
നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചതോടെ കേരളത്തിൽ തിരഞ്ഞെടുപ്പുരംഗം സജീവമാവുകയാണ്. ഇനിയുള്ള മൂന്നാഴ്ച പണത്തിന്റെ കുത്തൊഴുക്കാണ് ഉണ്ടാകാൻ പോകുന്നത്. ഒരു സ്ഥാനാർത്ഥിക്ക് മുപ്പതുലക്ഷത്തോളം രൂപയാണ് ചെലവു പരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പിടിച്ചുനിൽക്കാൻ അതിന്റെ എത്രയോ ഇരട്ടി വേണ്ടിവരും. കറുത്ത പണത്തിന്റെ ശക്തി ഏറെ പ്രകടമാകുന്നത് തിരഞ്ഞെടുപ്പു കാലത്താണ്.
ട്രെയിനിലും ബസിലും സ്വകാര്യ വാഹനങ്ങളിലുമൊക്കെയായി കള്ളപ്പണം ഒഴുകുന്നത് തടയാൻ പൊലീസും മറ്റ് ഏജൻസികളും കഠിനമായി വിയർപ്പൊഴുക്കേണ്ട നാളുകളാണിത്. ഒലവക്കോട്ടും തെന്മലയിലും ട്രെയിനുകളിൽ നിന്ന് പിടികൂടിയ സ്വർണവും കള്ളപ്പണവും വെറും സൂചനകൾ മാത്രമാകാം. ഒന്നു പിടിക്കപ്പെട്ടാൽ ഗൂഢസംഘങ്ങൾ പുതുവഴികൾ തേടും. കണ്ണും കാതും കൂടുതൽ തുറന്നിരിക്കേണ്ട സമയമാണിത്. കള്ളക്കടത്തു തടയുന്നതിൽ ജനങ്ങൾക്കും അധികൃതരെ സഹായിക്കാനാകും. പൗരബോധം ഏറെ പ്രകടമാക്കേണ്ട സന്ദർഭം കൂടിയാണിത്. സ്വർണവും കള്ളപ്പണവും പോലെ തന്നെ ലഹരിവസ്തുക്കളുടെ കടത്തും സമൂഹത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കടലിൽ ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും ലഹരിവസ്തുക്കളും പിടികൂടിയത് ഈ അടുത്ത ദിവസമാണ്. ആഗോളതലത്തിൽത്തന്നെ ലഹരികടത്തും അതിന്റെ വ്യാപനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തും ഈ അധോലോകം ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു. ഭാവിതലമുറയെ പോലും നശിപ്പിക്കുന്ന അധോലോക സംഘങ്ങൾ ലോകരാജ്യങ്ങൾക്കെല്ലാം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. നിതാന്ത ജാഗ്രതയും കർക്കശ നടപടികളും കൊണ്ടേ ഈ വിപത്ത് നിയന്ത്രിക്കാനെങ്കിലുമാവൂ.