modelukalkoppam-nandhu

കല്ലമ്പലം: പതിമൂന്നുകാരന്റെ കരവിരുതിൽ ജന്മമെടുക്കുന്നത് ബസുകളുടെ വിവിധ മോഡലുകൾ.

നാവായിക്കുളം തട്ടുപാലം വൃന്ദാലയത്തിൽ ചന്ദ്രദാസിന്റെ മകനും നാവായിക്കുളം ഹയർസെക്കൻഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയുമായ നന്ദുവാണ് ബസുകളുടെ വിവിധ മാതൃകകൾ നിർമ്മിച്ച് ശ്രദ്ധയേനായിരിക്കുന്നത്.

കുട്ടിക്കാലം മുതലേ ചിത്ര രചനയിൽ നൈപുണ്യം നേടിയ നന്ദു ലോക്ക്ഡൗൺ കാലത്തെ വിരസത മാറ്റാനാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ വിവിധയിനം മോഡലുകൾ ഉണ്ടാക്കാൻ ആരംഭിച്ചത്.

നാല് സെന്റ്‌ വസ്തുവിൽ പഞ്ചായത്തിൽ നിന്നും ലഭിച്ച വീട്ടിലാണ് നന്ദുവും അച്ഛനും അമ്മയും ചേച്ചിയുമടങ്ങിയ നാലംഗ കുടുംബം താമസിക്കുന്നത്. ജന്മനാ കാലിന് സ്വാധീന കുറവുള്ള അച്ഛൻ പലചരക്ക് കടയിൽ സഹായിയായി നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മകന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രഹികൾ വാങ്ങാൻ പിതാവ് പണം മിച്ചം പിടിക്കാറുണ്ട്.

ഹോം ഷീറ്റ്, എൽ.ഇ.ഡി ബൾബ്, ഒ.എച്ച്.പി ഗ്ലാസ്, ബാറ്ററി എന്നിവയുപയോഗിച്ച് രണ്ടാഴ്ച കൊണ്ടാണ് ഒരു ബസ് പൂർത്തീകരിക്കുന്നത്. ഒരു വാഹനം നിർമ്മിക്കുന്നതിന് ആയിരം രൂപയാണ് ചെലവ്. എൽ.പി, യു.പി മുതൽ സ്കൂൾ തലത്തിൽ ഡ്രോയിംഗിലും ഒരുപാട് ട്രോഫികൾ ഈ മിടുക്കൻ കരസ്ഥമാക്കിയിട്ടുണ്ട്. 10 മിനിട്ട് കൊണ്ടാണ് ഫാബ്രിക് പെയിന്റും ഓയിൽ പെയിന്റും കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരക്കുന്നത്. പഠിക്കാനും മിടുക്കനാണ്.

സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡിലക്സ്, ശബരി എക്സ്പ്രസ് തുടങ്ങി വിവിധയിനം കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമേ 108 ആംബുലൻസിന്റെയും ചെറിയ പതിപ്പുകൾ നന്ദുവിന്റെ കരവിരുതിൽ രൂപംകൊണ്ടു. കുഞ്ഞും നാളിലെ വണ്ടികളോടുള്ള നന്ദുവിന്റെ ഭ്രമമാണ് ഇതെല്ലാം നിർമ്മിക്കാനുള്ള പ്രേരണ.

മോദിജിയുടെ ചിത്രം ആലേഖനം ചെയ്ത ട്രെയിൻ നിർമ്മിക്കണമെന്നും അത് പ്രധാനമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണമെന്നുമാണ് ഈ ബാലന്റെ മോഹം. അതിന് വഴിയൊരുക്കാമെന്ന് വാർഡ്‌ മെമ്പറായ അശോകൻ ഉറപ്പുനൽകിയിട്ടുണ്ട്.