
അസാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറെ പരിചയ സമ്പന്നനായ കാരണവന്മാരിൽ ഒരാളാണ് പ്രേമാദർ ബോറ. പ്രായം 87 ആയെങ്കിലും വീറും വാശിയുമായി ഇപ്പോഴും പോരാട്ടത്തിനിറങ്ങാൻ ബോറയ്ക്ക് യാതൊരു മടിയുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 12ാം തവണയും മത്സരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് ബോറ. 1967നും 2001നും ഇടയിൽ നാല് തവണ ബിഹ്‌പുരിയ സീറ്റിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ടുണ്ട് മുൻ അദ്ധ്യാപകൻ കൂടിയായ ബോറ.
ഇത്തവണത്തേത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് മത്സരമായിരിക്കുമെന്ന് പറയുന്ന ബോറയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും സഹകരിക്കാൻ ഉദ്ദേശ്യമില്ല. കഴിഞ്ഞ ദിവസമാണ് ബിഹ്‌പുരിയ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം നോമിനേഷൻ സമർപ്പിച്ചത്. 1979ൽ ജോഗൻ ഹസാരിക സർക്കാരിൽ ബോറയെ വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. 2001ൽ പ്രൊടേം സ്പീക്കറുമായിരുന്നു. നിലവിൽ അസാമിലെ ബി.ജെ.പി ഭരണത്തിൽ അതൃപ്തനായതോടെയാണ് ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഏറ്റുമുട്ടലിനിറങ്ങാൻ ബോറ തീരുമാനിച്ചത്.