aa

ഇല്ലത്തിന്റെ അകത്തളങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്ന താത്രിക്കുട്ടി. എന്നാൽ താത്രിക്കുട്ടിയുടെ ജീവിതത്തിന്റെ തികച്ചും സ്വതന്ത്രവും വ്യത്യസ്തവുമായ മറ്റൊരു കാഴ്ചപ്പാടാണ് ഡോ.ജി. പ്രഭ രചനയും സംവിധാനവും നിർവഹിക്കുന്ന സംസ്കൃത ചിത്രമായ തയാ ആവിഷ്കരിക്കുന്നത്. അനുമോളാണ് താത്രിക്കുട്ടിയെ അവതരിപ്പിക്കുന്നത്. ''അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും താത്രിക്കുട്ടി. ആദ്യമായാണ് സംസ്കൃത സിനിമയിൽ അഭിനയിക്കുന്നത്. ഇതിനു മുൻപ് വാക്കിംഗ് ഒാവർ വാട്ടർ എന്ന ബംഗാളി സിനിമയിൽ അഭിനയിച്ചു.നാലു ഭാഷകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ''അനുമോൾ പറഞ്ഞു.

ഇതുവരെ കേട്ടും വായിച്ചും അറിഞ്ഞുള്ള താത്രിക്കുട്ടിയല്ല തയായിലെ താത്രിക്കുട്ടി. തന്നെത്തന്നെ ആയുധമാക്കുമ്പോഴും അവൾ തന്റെ പ്രണയിതാവൊഴിച്ച് മറ്റെല്ലാവരിൽ നിന്നും തന്റെ ശരീരവും മനസും അകറ്റിനിറുത്തിയിരുന്നു. താത്രിക്കുട്ടിയുടെ പ്രതികാരം ഒരിക്കലും അവൾക്കു വേണ്ടിയായിരുന്നില്ല.മറിച്ച് തന്റെ സമുദായത്തിലെ ക്രൂരതയുടെ ഇരകളായ മറ്റു സ്ത്രീകൾക്ക് വേണ്ടിയായിരുന്നു. കാലം പുരോഗമിച്ചിട്ടും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും കുറവുണ്ടായിട്ടില്ലെന്ന് തയാ ഓർമ്മ പ്പെടുത്തുന്നു.

തയാ എന്നാൽ അവളാൽ . അവൾ താത്രിക്കുട്ടിയും. നെടുമുടി വേണു, ബാബു നമ്പൂതിരി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ദിനേശ് പണിക്കർ, നന്ദകിഷോർ, കൃഷ്ണൻ വടശേരി, സുഭാഷ് സുമത്, ഭാസ്കരൻ, ഉത്ര, രേവതി സുബ്രഹ്മണ്യൻ, മീനാക്ഷി അനീഷ്, രമ നാരായണൻ, മോഹിനി എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് സണ്ണി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ബി. ലെനിൻ, സംഗീതം : സിജു പൗലോസ്, കല, ബോബൻ, മേക്കപ്പ് : പട്ടണം റഷീദ്, വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ ശബ്ദലേഖനം കൃഷ്ണനുണ്ണി.

'തയാ' പുതിയ വ്യാഖ്യാനം: ഡോ. ജി. പ്രഭ

താത്രിക്കുട്ടിയുടെ ജീവിതചരിത്രമല്ല. പുതിയ വ്യാഖ്യാനമാണ് തയാ.ചരിത്രം മാറ്റിമറിക്കുന്നില്ല. സ്ത്രീ നവോത്ഥാനത്തിനു കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ മുഖ്യപങ്കാണ് താത്രിക്കുട്ടി വഹിച്ചതെന്ന് സംവിധായകൻ ഡോ. ജി പ്രഭ പറഞ്ഞു. ഇഷ്ടി ആണ് ഡോ. ജി പ്രഭ സംവിധാനം ചെയ്ത ആദ്യ സിനിമ.ഇഷ്ടിയും സംസ്കൃത ഭാഷയിലാണ് ഒരുക്കിയത്.നെടുമുടി വേണവും ആതിര പട്ടേലുമാണ് ഇഷ്ടിയിലെ പ്രധാന താരങ്ങൾ.തൃപ്പൂണിത്തുറ സംസ്കൃത കോളേജ്, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു ഡോ. ജി. പ്രഭ.

കുന്നംകുളം വെള്ളറക്കാട് കോടനാട് മനയാണ് തയായുടെ പ്രധാന ലൊക്കേഷൻ.

വടക്കമ്പാട്ട് മന, ബ്രഹ്മസ്ഥ മഠം എന്നിവിടങ്ങളും ലൊക്കേഷൻ.